ബംഗളൂരു- കോവിഡ് സാമൂഹിക വ്യാപനം രൂക്ഷമായ ബംഗളൂരു നഗരത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകം. ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ച മൂവായിരത്തിലധികം പേരെ കാണാനില്ല. ബ്രഹത് മഹനഗര്‍ പാലികെ കമ്മീഷണര്‍ എന്‍ മഞ്ചുനാഥ പ്രസാദിനെ ഉദ്ധരിച്ച് സ്‌ക്രോളാണ് അതീവ ഗൗരവമേറിയ ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
തുടക്കം മുതല്‍ ഇതുവരെ 3,338 പേര്‍ ലാബുകളില്‍ രക്തസാമ്പിളുകള്‍ നല്‍കിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ എല്ലാവരുടെയും ഫലം പോസിറ്റീവ്. എന്നാല്‍ ടെസ്റ്റ് സാമ്പിള്‍ കളക്ഷന്‍ സമയത്ത് ഇവര്‍ നല്‍കിയ വിലാസമാവട്ടെ വ്യാജവും. അതിനാല്‍ ഇവരെ ഇതുവരെ കണ്ടെത്താനായില്ലെന്നും പ്രശ്‌നപരിഹാത്തിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള ശ്രമം ഊര്‍ജിതമാക്കിയതായും കമ്മീഷണര്‍ പറഞ്ഞു.
ശനിയാഴ്ച മാത്രം കര്‍ണാടകയില്‍ അയ്യായിരത്തിലധികം പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ കോവിഡ് നിരക്ക് ഒരു ലക്ഷത്തിലേക്ക് കടക്കുന്നു. മരണസംഖ്യ രണ്ടായിരത്തോട് അടുക്കുന്നു. ശനിയാഴ്ച 72 പുതിയ മരണങ്ങളോടെ കര്‍ണാടകയില്‍ 1,796 പേര്‍ മരിച്ചു. ബംഗളൂരു അര്‍ബനില്‍ 2,036 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ബെല്‍ഗാവി (341), ബല്ലാരി (222), ദക്ഷിണ കന്നഡ (218).
ശനിയാഴ്ച സംഭവിച്ച കോവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും പകര്‍ച്ചപ്പനിയും ശ്വാസതടസ്സവും ബാധിച്ചവരാണ്. ഇവരില്‍ ഭൂരിഭാഗവും 55 വയസ്സിനു മുകളിലുള്ളവരും. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,403 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു.