ഭോപ്പാൽ- താൻ സുഖമായിരിക്കുന്നുവെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 75 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ചൗഹാന്റെ പ്രതികരണം. താൻ സുഖമായിരിക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുൻനിരയിൽ നിൽക്കുന്ന എല്ലാവരെയും താൻ അഭിവാദ്യം ചെയ്യുന്നതായും ചൗഹാൻ പ്രതികരിച്ചു.
എല്ലാവരും ആരോഗ്യപ്രവർത്തകരുടെ മാർഗ നിർദ്ദേങ്ങൾ അനുസരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
' ഞാൻ സുഖമായിരിക്കുന്നു എന്റെ സുഹൃത്തുക്കളേ, സ്വയംമറന്ന് ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്ന കോവിഡ് പോരാളികളുടെ ആത്മസമർപ്പണം വിലമതിക്കാവുന്നതിനും അപ്പുറത്താണ്. പോരാളികളെ ഞാൻ അഭിവാദ്യം ചെയ്യുന്നു,' അദ്ദേഹം ആശുപത്രിയിൽ നിന്ന് ട്വീറ്റ് ചെയ്തു.
'രണ്ട് മീറ്റർ അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ഫേസ് മാസ്‌ക് ധരിക്കുക, കോവിഡിനെ ഒഴിവാക്കാനുള്ള ഏറ്റവും വലിയ ആയുധങ്ങൾ ഇവയാണ്. എല്ലാവരോടും ഇക്കാര്യം ചെയ്യാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും ചൗഹാൻ പറഞ്ഞു.
ശനിയാഴ്ചയായിരുന്നു ശിവരാജ് സിങ് ചൗഹാന് രോഗം സ്ഥിരീകരിച്ചത്.