Sorry, you need to enable JavaScript to visit this website.

ആളില്ലാ യുദ്ധവിമാനങ്ങള്‍ കയറ്റി അയക്കുന്നതിനുള്ള  മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ട്രംപ്

വാഷിങ്ടന്‍- മറ്റ് രാജ്യങ്ങളിലേക്കു ഡ്രോണ്‍ (ആളില്ലാ യുദ്ധവിമാനങ്ങള്‍) കയറ്റുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതിയ നയപ്രകാരം മണിക്കൂറില്‍ 800 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ സഞ്ചരിക്കുന്ന ഡ്രോണുകള്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിന് (എംടിസിആര്‍) വിധേയമായിരിക്കില്ല.
രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എംടിസിആര്‍. ഇതുപ്രകാരം 35 രാജ്യങ്ങളുമായി മാത്രമാണു യുഎസിന് ആയുധക്കച്ചവടം നടത്താന്‍ സാധിക്കുക. കരാറില്‍ ഇളവു വരുത്തുന്നതോടെ ചൈനീസ് ഡ്രോണുകള്‍ കൂടുതലായി വാങ്ങുന്ന സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ യുഎസിനു ഡ്രോണ്‍ കയറ്റിയയ്ക്കാന്‍ സാധിക്കും.
പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചൈനയില്‍നിന്നാണു ഡ്രോണുകള്‍ വാങ്ങുന്നത്. എംടിസിആര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ നടപടി യുഎസിന്റെ പങ്കാളികളുടെ ശേഷി വര്‍ധിപ്പിക്കുകയും അതിലൂടെ ദേശസുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നു വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്‌നാനി പറഞ്ഞു.
ഡ്രോണ്‍ വ്യാവസായം വിപുലീകരിക്കുന്നതിലൂടെ യുഎസിന്റെ സാമ്പത്തിക ഭദ്രതയും മെച്ചപ്പെടും. നയംമാറ്റം എംടിസിആര്‍ കരാറുകള്‍ നടപ്പാക്കുന്ന രീതിയെ കൂടുതല്‍ നവീകരിക്കുമെന്നു രാഷ്ട്രീയ, സൈനിക കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ക്ലാര്‍ക്ക് കൂപ്പര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇറാനിലേക്കും ഉത്തര കൊറിയയിലേക്കും നൂതന മിസൈല്‍ സാങ്കേതികവിദ്യ എത്തുന്നതു തടയാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായാണു പുതിയ നടപടിയെന്നാണു നിഗമനം. നിലവില്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണു യുഎസ് നിര്‍മാതാക്കളില്‍നിന്നു വലുതും സായുധവുമായ ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി. യുഎസ് നിലപാട് ഇന്ത്യയ്ക്കു നേട്ടമാകുമെന്നാണു കരുതുന്നത്.
 

Latest News