Sorry, you need to enable JavaScript to visit this website.

ഉത്തരമില്ലാതെ ഒളിംപിക്‌സ്

വ്യാഴാഴ്ച ടോക്കിയോയിൽ നടന്ന ഒരു വർഷ കൗണ്ട്ഡൗൺ ചടങ്ങിൽ ജപ്പാന്റെ നീന്തൽ താരം റികി ഇകാകി.
ഒളിംപിക്‌സിന് ഒരു വർഷം ശേഷിക്കെ ഗെയിംസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ നിന്ന്.

ഏറ്റവും മികച്ച ഒളിംപിക്‌സിനായി മാസങ്ങൾ മുമ്പെ ഒരുങ്ങി കാത്തിരിക്കുകയായിരുന്നു ടോക്കിയൊ നഗരം. കൊറോണക്കാലത്ത് എല്ലാം തകിടം മറിഞ്ഞു. ഒളിംപിക്‌സ് ഒരു വർഷത്തേക്ക് നീട്ടിവെച്ചു. പക്ഷെ എങ്ങനെ ഒളിംപിക്‌സ് നടക്കും, ഏതു രൂപത്തിൽ, ഭാവത്തിൽ? ഒളിംപിക്‌സ് അരങ്ങേറിയാൽ തന്നെ നാം ഇതുവരെ കണ്ട, അനുഭവിച്ച ഒളിംപിക്‌സായിരിക്കില്ല ടോക്കിയോയിൽ നടക്കാൻ പോകുന്നത്. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അടുത്ത ഒളിംപിക്‌സ്.


ടോക്കിയൊ ലോകത്തിന്റെ തലസ്ഥാനമായി മാറേണ്ടതായിരുന്നു, നിശ്ചയിച്ചതു പോലെ ജൂലൈ 24 ന് ഒളിംപിക്‌സ് ആരംഭിച്ചിരുന്നുവെങ്കിൽ. മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കേണ്ടതായിരുന്നു. ഏറ്റവും മികച്ച ഒളിംപിക്‌സിനായി മാസങ്ങൾ മുമ്പെ ഒരുങ്ങി കാത്തിരിക്കുകയായിരുന്നു ടോക്കിയൊ നഗരം. 
കൊറോണക്കാലത്ത് എല്ലാം തകിടം മറിഞ്ഞു. ഒളിംപിക്‌സ് ഒരു വർഷത്തേക്ക് നീട്ടിവെച്ചു. 2021 ജൂലൈ 23 നാണ് ആരംഭിക്കേണ്ടത്. മത്സര ഷെഡ്യൂളുകളും വേദികളുമൊക്കെ അതുപോലെ തന്നെ. പക്ഷെ എങ്ങനെ ഒളിംപിക്‌സ് നടക്കും, ഏതു രൂപത്തിൽ, ഭാവത്തിൽ? ഒളിംപിക്‌സ് അരങ്ങേറിയാൽ തന്നെ നാം ഇതുവരെ കണ്ട, അനുഭവിച്ച ഒളിംപിക്‌സായിരിക്കില്ല ടോക്കിയോയിൽ നടക്കാൻ പോകുന്നത്. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അടുത്ത ഒളിംപിക്‌സ്. അതിന്റെ ഉത്തരം കളിക്കളങ്ങളിലല്ല എന്നതാണ് പ്രധാന പ്രശ്‌നം. കോവിഡിന് വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചില്ലെങ്കിൽ ഒളിംപിക്‌സ് ഉപേക്ഷിക്കാൻ സാധ്യതയേറെയാണ്.


ഒരു വർഷം അകലെയാണ് ഒളിംപിക്‌സ്. ഗൗരവത്തോടെ കൗണ്ട്ഡൗണും ഒരുക്കവും ആരംഭിക്കേണ്ട സമയം. പക്ഷെ അനിശ്ചിതത്വമാണ് മുഴച്ചുനിൽക്കുന്നത്. ലോകം മഹാമാരിക്കു മുന്നിൽ പകച്ചുനിൽക്കുമ്പോൾ ഗെയിംസിന്റെ ആഘോഷം വേണ്ടെന്ന മനഃസ്ഥിതിയിലേക്ക് ടോക്കിയൊ നഗരവാസികൾ എത്തിയെന്നാണ് സർവെ റിപ്പോർട്ടുകൾ പറയുന്നത്. 
ടോക്കിയൊ 2020 സംഘാടക സമിതി അധ്യക്ഷൻ യോഷിരൊ മോറി അത് വ്യക്തമാക്കുന്നു: 'ആഘോഷത്തോടെ, ആഢംബരത്തോടെ, നിറപ്പകിട്ടോടെയാണ് ഒളിംപിക്‌സ് നടന്നുവന്നിരുന്നത്. എന്നാൽ കോവിഡിന്റെ കാലത്ത് അത് സാധ്യമാവുമോ? സാധ്യമായാൽ തന്നെ ആളുകൾ അത് അംഗീകരിക്കുമോ?'


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം കൂപ്പുകുത്തുന്നത്. ഈ അവസരത്തിൽ ഒളിംപിക്‌സിന്റെ പളപളപ്പ് പരമാവധി വെട്ടിക്കുറക്കാനുള്ള യത്‌നത്തിലാണ് സംഘാടകർ. ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാക് പറയുന്നു: 'ഞങ്ങളും ജപ്പാനിലെ പങ്കാളികളും സുഹൃത്തുക്കളും ആഘോഷിക്കുന്നത് ഗെയിംസിനെ ലളിതമാക്കാനുള്ള വഴികളാണ്. എങ്ങനെ സങ്കീർണതകൾ കുറക്കുമെന്നാണ്. നീട്ടിവെച്ച ഗെയിംസിന്റെ ചെലവ് എങ്ങനെ വരുതിയിൽ നിർത്തുമെന്നാണ്'.
എങ്ങനെ? അതാണ് ചോദ്യം. ചെലവ് ചുരുക്കാനുള്ള ഇരുനൂറോളം വഴികൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ടോക്കിയൊ 2020 സംഘാടകർ പറയുന്നത്. അതെന്താണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. കാണികളുടെ എണ്ണം കുറക്കുന്നത് പ്രഥമ പരിഗണനയാണ്. ഒപ്പം ഉദ്ഘാടന, സമാപനച്ചടങ്ങിലെ സാന്നിധ്യം നിയന്ത്രിക്കുകയും. 
ഒളിംപിക് കമ്മിറ്റിയും ജപ്പാൻ സർക്കാരും ടോക്കിയൊ നഗരവുമാണ് ചെലവ് പങ്കിടുന്നത്. ഏറ്റവും അവസാന ബജറ്റനുസരിച്ച് ടോക്കിയൊ ഒളിംപിക്‌സിന്റെ ചെലവ് 12,600 കോടി ഡോളറാണ്. (9.4 ലക്ഷം കോടി രൂപ). എന്നാൽ നീട്ടിവെച്ചത് പുതിയ തലവേദനകൾ സൃഷ്ടിക്കുന്നു. വേദികൾ വീണ്ടും ബുക്ക് ചെയ്യേണ്ടി വന്നു, സംഘാടക സമിതി സ്റ്റാഫിന്റെ ഒരു അധിക വർഷത്തെ ശമ്പളം, ഗതാഗതച്ചെലവ്. നീട്ടിവെക്കലിന്റെ അധികച്ചെലവ് നേരിടാൻ 80 കോടി ഡോളർ നൽകി ഐ.ഒ.സി സംഘാടകരെയും ദേശീയ ഒളിംപിക് കമ്മിറ്റികളെയും സഹായിക്കും. എന്നാൽ അത് എവിടെയുമെത്തില്ല. മാറ്റിവെച്ചത്മൂലം എത്ര അധികച്ചെലവ് വരുന്നുവെന്ന് ഇതുവരെ വിലയിരുത്താൻ സംഘാടക സമിതിക്ക് സാധിച്ചിട്ടില്ല. 

 

ഒളിംപിക്‌സിന് ഒരു വർഷം ശേഷിക്കെ ഗെയിംസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ നിന്ന്.


ടോക്കിയൊ ഒളിംപിക്‌സിന് സജ്ജമായത് ഏഴു വർഷം കൊണ്ടാണ്. എല്ലാം വീണ്ടും ഒരുക്കാൻ കിട്ടുക വെറും ഒരു വർഷമാണ്. ഏറ്റവും പ്രധാനപ്പെട്ട രണ്ടു മേഖല സ്‌പോൺസർഷിപ്പും വേദികളുമാണ്. കഴിഞ്ഞ രണ്ടു മാസം കൊണ്ട് എല്ലാ വേദികളും അടുത്ത വർഷവും ലഭ്യമാവുമെന്ന് ഉറപ്പുവരുത്താൻ സംഘാടകർക്ക് സാധിച്ചു. അതുതന്നെ വലിയ വിജയമാണ്. വേദികൾ ഉറപ്പായതോടെ മത്സര ഷെഡ്യൂളിലും കാര്യമായ മാറ്റമുണ്ടാവില്ല. എന്നാൽ പല വേദികളും 2021 ലേക്ക് നേരത്തെ ബുക്ക് ചെയ്യപ്പെട്ടതായിരുന്നു. അവ തിരിച്ച് വാങ്ങാൻ എത്ര പണം ചെലവാക്കേണ്ടി വന്നുവെന്ന് വ്യക്തമല്ല. 


ഒളിംപിക്‌സ് നടക്കുമോയെന്ന് ഇപ്പോഴും ഉറപ്പില്ലെന്നത് സ്‌പോൺസർമാരെ ആശങ്കയിലാക്കുന്നു. 3300 കോടി ഡോളറാണ് സ്‌പോൺസർമാരിൽ നിന്ന് കിട്ടേണ്ടത്. മൊത്തം വരുമാനത്തിന്റെ പകുതി. സ്‌പോൺസർമാരിൽ 65 ശതമാനവും ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക പിന്തുണ ഉറപ്പ് നൽകാൻ തയാറായിട്ടില്ലെന്നാണ് ജപ്പാനിലെ എൻ.എച്ച്.കെ ചാനൽ വെളിപ്പെടുത്തിയത്. 
കൊറോണ സാഹചര്യം മാറുന്നില്ലെന്നത് എല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിക്കുന്നു. ഇനി ഒരിക്കൽകൂടി ഒളിംപിക്‌സ് നീട്ടാനാവില്ല. റദ്ദാക്കുക മാത്രമാണ് വഴി. അവിടെയാണ് പ്രശ്‌നം. ഏറ്റവും വലിയ ശുഭാപ്തി വിശ്വാസക്കാരനു പോലും ഒളിംപിക്‌സ് അരങ്ങേറുമെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ല. സത്യം പറഞ്ഞാൽ, ഒളിംപിക്‌സ് നടക്കാൻ പോവുന്നില്ലെന്നാണ് കരുതുന്നതെന്ന് ജപ്പാനിലെ കോബെ യൂനിവേഴ്‌സിറ്റിയിലെ പകർച്ചവ്യാധി രോഗ വിദഗ്ധൻ പ്രൊഫസർ കെൻഡാരൊ ഇവാറ്റ അഭിപ്രായപ്പെട്ടു. അടുത്ത വർഷമാവുമ്പോഴേക്കും രോഗത്തെ വരുതിയിൽ കൊണ്ടുവരാൻ ജപ്പാന് സാധിച്ചേക്കുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ ലോകത്തിന്റെ എല്ലാ ഭാഗത്തും അതല്ല സ്ഥിതി. എനിക്ക് അത്ര ശുഭാപ്തി പോരാ -അദ്ദേഹം പറഞ്ഞു. 


ഗെയിംസിനെത്തുന്ന ഓരോ വ്യക്തിയുടെയും ആരോഗ്യ സുരക്ഷ 120 ശതമാനം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ടോക്കിയൊ ഗവർണർ യൂറികൊ കോയികെ പറയുന്നു. അത് അത്ര എളുപ്പമല്ല. എങ്ങനെ അത് സാധിക്കുമെന്നാണ് ടോക്കിയൊ ഒളിംപിക്‌സിന്റെ ചുമതലയുള്ള ഐ.ഒ.സി സീനിയർ അംഗം ജോൺ കോട്‌സ് ചോദിക്കുന്നത്. 
ഒളിംപിക് ഗ്രാമത്തെ മുഴുവൻ ക്വാറന്റൈനിലാക്കുമോ? ജപ്പാനിലെത്തുന്ന എല്ലാ അത്‌ലറ്റുകളും ക്വാറന്റൈനിൽ പോവേണ്ടി വരുമോ? കാണികളെ എങ്ങനെ നിയന്ത്രിക്കും? അത്‌ലറ്റുകളെയും മാധ്യമപ്രവർത്തകരെയും എങ്ങനെ അകറ്റിനിർത്തും? ഒളിംപിക്‌സിന് വരുന്നത് 206 രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളാണ്, 11 ത്തോളം അത്‌ലറ്റുകൾ -കോട്‌സ് ചൂണ്ടിക്കാട്ടി.  

 

Latest News