ലഖ്‌നൗ- മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ ലാബ്് ടെക്‌നീഷ്യന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ഐ.പി.എസ് ഓഫീസറടക്കം 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മോചനദ്രവ്യമായി നല്‍കിയ 30 ലക്ഷം രൂപയുമായി അപഹര്‍ത്താക്കള്‍ കടന്നു കളഞ്ഞുവെന്നും അതിനുമുമ്പ് തന്നെ ലാബ് ടെക്‌നീഷ്യന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാര്‍ക്കെതിരായ നടപടി. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
സൗത്ത് കാണ്‍പൂര്‍ എസ്.പി അപര്‍ണ ഗുപ്ത, ഡി.എസ്.പി മനോജ് ഗുപ്ത, ബാര മുന്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് റായ്, ഔട്ട്‌പോസ്റ്റ് ചുമതലയുണ്ടായിരുന്ന രാജേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ യോഗേന്ദ്ര പ്രതാപ് സിംഗ് എന്നിവരേയും ആറ് കോണ്‍സ്റ്റബിള്‍മാരേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസമാണ് സഞ്ജീത് യാദവ് എന്ന ലാബ് ടെക്‌നീഷ്യനെ തട്ടിക്കൊണ്ടു പോയതായി കുടുംബം പരാതിപ്പെട്ടത്.
തുടര്‍ന്ന് അപഹര്‍ത്താക്കള്‍ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് പോലീസുകാരുടെ സാന്നിധ്യത്തില്‍ ഒരു മേല്‍പ്പാലത്തില്‍നിന്ന് പണമടങ്ങിയ ബാഗ് റോഡിലേക്കിട്ടു. എന്നാല്‍ ബാഗുമായി രക്ഷപ്പെടുന്നതില്‍നിന്ന് അപഹര്‍ത്താക്കളെ തടയാനോ സഞ്ജീത്തിനെ വീണ്ടെടുക്കാനോ പോലീസിനു കഴിഞ്ഞില്ല.
അപഹര്‍ത്താക്കള്‍ ആവശ്യപ്പെട്ട മോചനദ്രവ്യം സ്വരൂപിക്കാന്‍ തങ്ങളുടെ ആഭരണങ്ങളും സ്വത്തും വിറ്റതായി സഞ്ജീത്തിന്റെ സഹോദരി രുചി പറഞ്ഞുവെങ്കിലും പിന്നീട് പോലീസിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ആരോപണം തിരുത്തിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് പണം നല്‍കിയതെന്ന ആരോപണം ഇപ്പോള്‍ സസ്‌പെന്‍ഷനിലായ സൗത്ത് എസ്.പി അപര്‍ണ ഗുപ്ത നിഷേധിച്ചതിനു പിന്നാലെയാണ് രുചിയുടെ വിഡിയോ പുറത്തുവന്നത്.
ബാഗില്‍ പണം നിറച്ചുവെന്ന് പറഞ്ഞത് നുണയാണെന്നും പോലീസ് നടപടി വേഗത്തിലാക്കാനാണ് കളവു പറഞ്ഞതെന്നും രുചി പറുത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 30 ലക്ഷം രൂപ നല്‍കിയെന്ന് പറയുന്നത് സഹോദരന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് പറഞ്ഞ് പോലീസ് സമ്മര്‍ദം ചെലുത്തിയതിനാലാണ് പണം നല്‍കിയ കാര്യം നിഷേധിച്ചതെന്ന് പിന്നീട് രുചി വെളിപ്പെടുത്തി.
ജൂണ്‍ 23 നാണ് സഞ്ജീത്തിനെ കാണാതായതായി പോലീസിന് പരാതി ലഭിച്ചതെന്നും ജൂണ്‍ 26 ന് തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തുവെന്നും കാണ്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു. ജൂണ്‍ 29 നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്.
കേസില്‍ പിടിയിലായ രണ്ടുപേരെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞ മാസം തന്നെ സഞ്ജീത് കൊല്ലപ്പെട്ടതായി കണ്ടെത്തിയെന്നും കുമാര്‍ പറഞ്ഞു. ഇരുവരും സഞ്ജീത്തിനോടൊപ്പം ഒരു പാത്തോളജി ലാബില്‍ ജോലി ചെയ്തിരുന്നവരാണ്. ജൂണ്‍ 26 നോ 27 നോ ആണ് മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ സഞ്ജീത്തിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാണ്ഡു നദിയിലാണ് ഉപേക്ഷിച്ചതെന്നും പ്രതികള്‍ സമ്മതിച്ചതായും എസ്എസ്പി പറഞ്ഞു.
ജ്ഞാനേന്ദ്ര യാദവ്, കുല്‍ദീപ് ഗോസ്വാമി, നീലു സിംഗ്, രാംജി ശുക്ല, പ്രീതി ശര്‍മ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മോചനദ്രവ്യത്തിനായി ആരെയെങ്കിലും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട് പ്രതികള്‍ ജൂണ്‍ 15 ബാര പ്രദേശത്ത് 15,000 രൂപ നല്‍കി ഫ് ളാറ്റ് വാടകക്കെടുത്തിരുന്നു. ജൂണ്‍ 22 ന് വൈകിട്ട് ഓഫീസില്‍നിന്നിറങ്ങിയ സഞ്ജീത്തിനെ ഗ്യാനേന്ദ്രയുടെ ജന്മദിനാഘോഷത്തിന് പോകുകയാണെന്ന് പറഞ്ഞ് കുല്‍ദീപിന്റെ നേതൃത്വത്തില്‍ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. കാറില്‍വെച്ച് സഞ്ജീത്തിനു മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി.
അബോധാവസ്ഥയിലായ സഞ്ജീത്തിനെ വാടകക്കെടുത്തിരുന്ന ഫ് ളാറ്റിലെത്തിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികള്‍ മാറിമാറിയാണ് കാവല്‍ നിന്നിരുന്നത്. ഈ സമയത്ത് കുല്‍ദീപ് മാത്രമാണ് ജോലിക്ക് പോയിരുന്നത്. ജൂണ്‍ 26 ന് സഞ്ജീത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പിറ്റേന്ന് തങ്ങള്‍ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതികള്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാണ്ഡു നദിയിലേക്ക് വലിച്ചെറിഞ്ഞു. പ്രതികളില്‍ ഒരാളായ സിമ്മി സിംഗ് ഇപ്പോഴും ഒളിവിലാണ്.
പോലീസിന്റെ നിഷ്‌ക്രിയത്വമാണ് തന്റെ സഹോദരന്റെ മരണത്തിനിടയാക്കിയതെന്ന് സഹോദരി രുചി പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ട് 17 ഫോണ്‍ കോളുകള്‍ ലഭിച്ചിട്ടും പോലീസ് നടപടി കൈക്കൊണ്ടില്ല. ഒരു മാസമായി പോലീസ് ഉറങ്ങുകയായിരുന്നു. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സഹോദരന് ഇത് സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. പോലീസ് അപഹര്‍ത്താക്കളോടൊപ്പം ചേര്‍ന്ന് നാടകം കളിച്ചുവെന്നാണ് പിതാവിന്റെ ആരോപണം.
പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനും കുറ്റവാളികള്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നും മോചനദ്രവ്യം നല്‍കിയിരുന്നോ എന്നു കണ്ടെത്താനും എ.ഡി.ജി പി ബി.പി ജോഗ്ദന്‍ദിനെ നിയോഗിച്ചിരുന്നു.