ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശില്‍ രണ്ടു ദിവസം മുമ്പ് ഉണ്ടായ കോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴ് വ്യോസേനാ ഉദ്യോഗസ്ഥരുടെ ഭൗതികശരീരങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കി പൊതിഞ്ഞ നിലയില്‍ എത്തിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നത് ആക്ഷേപത്തിനിടയാക്കി. മുന്‍ ഉത്തരമേഖലാ കരസേനാ മേധാവി ലെഫ്. ജനറല്‍ എച്ച്.എസ് പനാഗ് ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ഇതോടെ സൈനികരുടെ ഭൗതികശരീരങ്ങളോട് അനാദരവ് കാട്ടിയെന്ന ആക്ഷേപം ശക്തമാകുകയായിരുന്നു.
തുടര്‍ന്ന് വിശദീകരണവുമായി സൈന്യം രംഗത്തെത്തി. പ്രാദേശികമായി ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് സൈനികരുടെ മൃതദേഹങ്ങള്‍ പൊതിഞ്ഞതെന്നും അവര്‍ക്ക് മുഴുവന്‍ സൈനിക ബഹുമതികള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സേന വ്യക്തമാക്കി. ഭൗതികശരീരം പൊതിയുന്നതിന് പ്രാദേശിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയതില്‍ വീഴ്ചയുണ്ടായെന്നും സൈന്യം വ്യക്തമാക്കി. പൊതിയുന്നതിനുള്ള ബാഗ്, മരപ്പെട്ടികള്‍, ശവമഞ്ചം എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സേന ട്വിറ്ററിലൂടെ തന്നെ വ്യക്തമാക്കി. മരിച്ച സൈനികരുടെ ഭൗതികശരീരം ഭംഗിയായി പൊതിഞ്ഞ് ശവപ്പെട്ടികളിലാക്കി സൈനിക വിമാനത്തിനക്ക് നിരത്തി വെച്ച ചിത്രവും സേനയുടെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ലെഫ്. ജനറല്‍ പനാഗ് പുറത്തു വിട്ട ചിത്രങ്ങള്‍ ഗുവാഹത്തിയില്‍ നിന്നെടുത്തവയാണ്. സൈനികാവശ്യങ്ങള്‍ക്കുള്ള ബോഡി ബാഗ്സ് ഉപയോഗിച്ചു മാത്രമെ സൈനികരുടെ ഭൗതികശരീരം എടുക്കാവൂ എന്നും പനാഗ് പറഞ്ഞു. സൈനിക നടപടിക്രമങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമനുസരിച്ച് ശവപ്പെട്ടി ലഭ്യമാക്കുന്നതുവരെ ശരിയായ ബോഡി ബാഗുകളാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ വ്യോമസേനയുടെ എംഐ-17 വി 5 കോപ്റ്റര്‍ അരുണാചലിലെ തവാങ് മേഖലയില്‍ തകര്‍ന്നുവീണാണ് വെള്ളിയാഴ്ച ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.