തിരുവനന്തപുരം- കേരളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് അജണ്ട കോൺഗ്രസ് തിരിച്ചറിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിനെ പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം എ.കെ.ജി സെന്ററിൽ വിളിച്ചതിൽ തെറ്റില്ലെന്നും പാർട്ടി അംഗങ്ങളുടെ യോഗമാണ് വിളിച്ചതെന്നും കോടിയേരി വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ സെക്രട്ടറിയേറ്റിൽ പരിശോധിക്കുന്നതിൽ തെറ്റില്ല. രാജീവ് ഗാന്ധിയുടെ ഓഫീസ് വരെ അന്വേഷണ ഏജൻസികൾ പരിശോധിച്ചിട്ടുണ്ട്. അത് രാജീവ് ഗാന്ധിയുടെ പ്രതിച്ഛായയെ തകർത്തോ എന്നും കോടിയേരി ചോദിച്ചു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് സർക്കാറിനെ ബാധിക്കില്ല. ഒരു കൺസൾട്ടൻസിയെയും ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിദേശ കൺസൾട്ടൻസികൾ പാടില്ല എന്ന തീരുമാനം പാർട്ടി സ്വീകരിച്ചിട്ടില്ല. ബ്ലാക് ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികൾ ആകാൻ പാടില്ല എന്ന തീരുമാനമാണ് എടുത്തത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുമായി നടന്ന യോഗത്തിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാനാകില്ല. കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രൊജക്ടുകൾ നടപ്പാക്കുന്നതിൽ ശ്രദ്ധിക്കണമെന്നും യോഗത്തിൽ പറഞ്ഞു.