മുംബൈ- സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി കങ്കണ റാവത്തിന് പോലീസ് സമൻസ് അയച്ചു. ഹിമാചൽ പ്രദേശിലുള്ള കങ്കണ റാവത്തിനോട് ബാന്ദ്ര പോലീസിൽ ഹാജരായി മൊഴി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 14-നാണ് മുംബൈയിലെ ബാന്ദ്രയിൽ സുശാന്ത് സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിറ്റേന്ന് പുറത്തിറക്കിയ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സിനിമയിലെ പക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് കങ്കണ റാവത്ത് ആരോപിച്ചിരുന്നു. കങ്കണക്ക് സമൻസ് ലഭിച്ച വിവരം അവരുടെ അഭിഭാഷകൻ സ്ഥിരീകരിച്ചു. മണാലിയിലാണ് മാർച്ച് 17 മുതൽ കങ്കണ റാവത്തെന്നും മൊഴിയെടുക്കാൻ പോലീസിനെ അവരുടെ അടുത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടതായും അഭിഭാഷകൻ അറിയിച്ചു.