ജയ്പൂര്‍- രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ അയോഗ്യതാ കേസില്‍ വിധി പറയുന്നത് മാറ്റിവെച്ച് ഹൈക്കോടതി. അതേസമയം തിങ്കളാഴ്ച വരെ തത്സ്ഥിതി തുടരണമെന്നും വിമത എംഎല്‍എമാര്‍ക്ക് എതിരെ നടപടിയെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസില്‍ തിങ്കളാഴ്ച വിശദമായി വാദ്ം കേള്‍ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിധി പറയുന്നത് മാറ്റിയത്.
അയോഗ്യതയുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതേതുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കുന്നത്. സച്ചിന്‍ പൈലറ്റ് അടക്കം പത്തൊമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായാണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നത്.
വിഷയത്തില്‍ കൂറുമാറ്റ നിരോധനനിയമം ബാധകമാകുമോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയുന്നതിനാണ് കേന്ദ്രത്തെയും ഹരജിയില്‍ കക്ഷി ചേര്‍ത്തത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിമത എംഎല്‍എമാര്‍ക്ക് എതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവില്‍ സ്‌റ്റേ ആവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം.