അഹ്മദാബാദ്- ഗുജറാത്തില്‍ മുസ്ലിം കൂട്ടക്കൊലക്ക് തുടക്കമിട്ട ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച ഹൈക്കോടതി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. 20 പേരുടെ ജീവപര്യന്തം ശരിവെച്ചിട്ടുമുണ്ട്.
ജസ്റ്റിസ് എ.എസ്. ദാവെ, ജസ്റ്റിസ് ജി.ആര്‍ ഉധ് വാനി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം ആറാഴ്ച്ചക്കകം നല്‍കണം.
യാത്രക്കാര്‍, പരിക്കേറ്റവര്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ മൊഴികളും ഫോറന്‍സിക് തെളിവുകളെല്ലാം പരിശോധിച്ചുവെന്നും വിചാരണ കോടതി നഷ്ടപരിഹാരമെന്ന ആവശ്യം അവഗണിച്ചതും പരിശോധിച്ചുവെന്ന് ജസ്റ്റിസ് ദാവെ പറഞ്ഞു.
2002 ഫെബ്രുവരി 27ന് അയോധ്യയില്‍നിന്ന് മടങ്ങിയ കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സപ്രസിലെ എസ്-6 കോച്ചാണ് ഗോധ്ര സ്‌റ്റേഷനില്‍ കത്തിയത്. ഇതിന്റെ പേരില്‍ ഹിന്ദു വര്‍ഗീയവാദികള്‍ നൂറുകണക്കിനു മുസ്്‌ലിംകളെ കൊന്നൊടുക്കി.
2011 മാര്‍ച്ച് ഒന്നിനു സ്ഥാപിച്ച പ്രത്യേക കോടതി 31 പേരെ ശിക്ഷിക്കുകയും 63 പേരെ വിട്ടയക്കുകയും ചെയ്തു. 63 പേരെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ശിക്ഷയെ ചോദ്യം ചെയ്ത് പ്രതികളും നിരവധി ഹരജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി 31 പേര്‍ക്ക് ശിക്ഷ വിധിച്ചത്.