ലക്‌നൗ- സ്വന്തം കുട്ടികളെ സ്‌കൂളില്‍ വിടാത്ത രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്ന രക്ഷിതാക്കളെ പിടികൂടി പോലീസ് സ്റ്റേഷനില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ തടവിലാക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. 'ദിവ്യജ്ഞാന്‍' ശാക്തീകരണ വകുപ്പു മന്ത്രിയായ ഓം പ്രകാശ് ഒരു പാര്‍ട്ടി പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള വകുപ്പാണ് ദിവ്യജ്ഞാന്‍.
'ഞാന്‍ എന്റേതായ ഓരു നിയമം കൊണ്ടുവരാനിരിക്കുകയാണ്. പാവപ്പെട്ട കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ അവരുടെ രക്ഷിതാക്കളെ പിടികൂടി അഞ്ച് ദിവസം പോലീസ് സ്റ്റേഷനില്‍ തടവിലാക്കും. അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കില്ല,' കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 'നിങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്നില്ലെങ്കില്‍ പോലീസെത്തി നിങ്ങളെ പൊക്കും. ഇത്രയും കാലം നിങ്ങളുടെ നേതാക്കളും മക്കളും സഹോദരങ്ങളുമെല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇനിയും നിങ്ങള്‍ ഇത് പ്രാധാന്യത്തോടെ എടുത്തില്ലെങ്കില്‍ അടുത്ത ആറു മാസം കൊണ്ട് നിങ്ങള്‍ക്കു ഞാന്‍ മനസ്സിലാക്കിത്തരും,' ധാര്‍മ്മിക രോഷത്തോടെ മന്ത്രി പറഞ്ഞു.
പുരാണത്തില്‍ നിന്ന് നല്ലൊരു ഉദാഹരണവും മന്ത്രി പറഞ്ഞു. 'രാവണനില്‍ നിന്നും തന്റെ ഭാര്യ സീതയെ രക്ഷിക്കാന്‍ രാമന് ഉപകരണങ്ങളും ആയുധങ്ങളുമെടുത്ത് ലങ്കയിലേക്ക് പാലം പണിയേണ്ടി വന്നു. തനിക്ക് വഴിയൊരുക്കാന്‍ സമുദ്രത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും അതു നടക്കാതെ വന്നപ്പോഴായിരുന്നു ഇത്. ഇതുപോലെ മക്കളെ സ്‌കൂളില്‍ വിടാത്ത രക്ഷിതാക്കള്‍ക്കെതിരേയും കടുത്ത നടപടികള്‍ ആവശ്യമായി വരും,' അദ്ദേഹം പറഞ്ഞു.
പ്രസംഗം വൈറലായതോടെ മാറ്റിപ്പറയാനും മന്ത്രി തയാറായിട്ടില്ല. 'ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. അവരെ ജയിലലടക്കുമെന്ന് പറഞ്ഞതില്‍ എന്ത് തെറ്റാണുള്ളത്. സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളൊരുക്കിയിട്ടും അവര്‍ എന്തു കൊണ്ട് കുട്ടികളെ സ്‌കൂളില്‍ വിടുന്നില്ല,' അദ്ദേഹം ചോദിച്ചു.
UP Min OP Rajbhar says parents who don't send their wards to schools will be forced to sit in police stations without food & water for 5days pic.twitter.com/IgA05ydkJn
— ANI UP (@ANINewsUP) October 9, 2017