ന്യൂദല്‍ഹി- സച്ചിന്‍പൈലറ്റിന്റെ അയോഗ്യത സംബന്ധിച്ച ഹരജിയില്‍ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി.സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാരുടെ അയോഗ്യത നീട്ടിവെക്കണമെന്ന ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹരജിയില്‍ നാളെ ഹൈക്കോടതിക്ക് വിധി പ്രസ്താവിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
അതേസമയം ഹൈക്കോടതി ഉത്തരവ് എന്തുതന്നെയായാലും സുപ്രിംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറയുന്നു. സ്പീക്കറുടെ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നാണ് സ്പീക്കറുടെ ഹരജിയിലെ വാദം.
സ്പീക്കര്‍ തീരുമാനം എടുക്കുംമുമ്പ് അത് പുന:പരിശോധിക്കാന്‍ സാധിക്കില്ല. സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും എതിരെ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമല്ലെന്നും സ്പീക്കര്‍ ഹരജിയില്‍ പറഞ്ഞു. അതേസമയം ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം തടയാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അഭിപ്രായപ്പെട്ടു.