ക്രൈസ്റ്റ് ടൗണ്‍-മുന്‍ സ്റ്റാഫുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് കാബിനറ്റ് മന്ത്രി ഇയാന്‍ ലീസ് ഗാലോവെയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഓഫീസ് പെരുമാറ്റച്ചട്ടം വരാനിരിക്കെയാണ് പുറത്താക്കല്‍.ന്യൂസിലാന്റ് ഇമിഗ്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇയാന്‍ ലീസ് ഗാലോവെ. മുന്‍ സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഗവണ്‍മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമായി ഇദ്ദേഹം ബന്ധം പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിയെന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ അവരുടെ പെരുമാറ്റങ്ങളെയും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെയും നിഷ്പക്ഷമായി കാണുന്ന നിയന്ത്രകന്റെ ചുമതലയാണ് അദ്ദേഹത്തിന്റെത്. കഴിഞ്ഞ 12 മാസമായി മുന്‍സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹം തന്റെ അധികാരങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഉപയോഗിച്ചു. ഉത്തരവാദിത്തങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും വീഴ്ച വരുത്തിയതിനാലാണ് ഈ പുറത്താക്കാല്‍' പ്രധാനമന്ത്രി വ്യക്തമാക്കി.
കേവലമൊരു സദാചാര ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല ഈ പുറത്താക്കല്‍. തന്റെ ഔദ്യോഗിക മേഖലയില്‍ പാലിക്കേണ്ട നിലവാരവും സംസ്‌കാരവും ഒരു മന്ത്രിയെന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചതൊന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍സഹപ്രവര്‍ത്തകയുമായി ഇയാന്‍ ലീസിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.