ന്യൂദല്‍ഹി- ദല്‍ഹി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ നവജാത ശിശുവിന് ആയിരം കി.മീ അകലെനിന്ന് എല്ലാ ദിവസവും അമ്മയുടെ മുലപ്പാല്‍ എത്തിക്കുന്ന അപൂര്‍വ സംഭവത്തിനും കോവിഡ് കാലം സാക്ഷിയായി.
ജൂണ്‍ 16-ന് ലഡാക്കിലെ സോനം നൂര്‍ബൂ ആശുപത്രിയില്‍ 30 കാരി ഡോര്‍ജെ പാല്‍മോ ജന്മം നല്‍കിയ കുഞ്ഞിനെയാണ് മുലപ്പാല്‍ കുടിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ദല്‍ഹി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ ഒരുമാസമായി ലേയില്‍ താമസിക്കുന്ന ഡോര്‍ജെയുടെ മുലപ്പാലുമായി എല്ലാദിവസവും ഒരു ബോക്‌സ് ദല്‍ഹി വിമാനത്താവളത്തിലെത്തുന്നു. ഡോര്‍ജേയുടെ ഭര്‍ത്താവ് ജിക്‌മെത് വാങ്ഡുസും സഹോദരനും മാറി മാറി എയര്‍പോര്‍ട്ടിലെത്തിയാണ് ഏഴ് ചെറിയ കുപ്പികള്‍ അടങ്ങുന്ന ബോക്‌സ് സ്വീകരിച്ച് ആശുപത്രിയിലെത്തിക്കുന്നത്.
ലഡാക്കും ദല്‍ഹിയും തമ്മില്‍ ആയിരം കി.മീ ആണ് റോഡ് ദൂരം. വിമാന യാത്രക്ക് ഒന്നേകാല്‍ മണിക്കൂര്‍. ആയിരം കുട്ടികളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് മാത്രം സാധ്യതയുള്ള അപൂര്‍വ രോഗത്തിനാണ് ദല്‍ഹി മാക്‌സ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കോവിഡ് ഭീതി കാരണം കുഞ്ഞിന്റെ അമ്മയ്ക്ക് ദല്‍ഹിയില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് വിമാന മാര്‍ഗം മുലപ്പാല്‍ എത്തിക്കുന്ന വഴി സ്വീകരിച്ചതെന്ന് വാങ്ഡുസ് പറഞ്ഞു.
ലേ എയര്‍പോര്‍ട്ടിലെ സുഹൃത്തുക്കളും സ്വകാര്യ വിമാന കമ്പനിയുമാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സൗജന്യമായാണ് വിമാന കമ്പനി ബോക്‌സ് ദല്‍ഹിയില്‍ എത്തിക്കുന്നത്.
രണ്ടു ദിവസം മുമ്പ് കുഞ്ഞിന് റിഗ്‌സിന്‍ വാങ്ചുക്ക് എന്നു പേരിട്ടു. ചികിത്സ പൂര്‍ത്തിയായി ലേയിലെ വീട്ടിലേക്ക് മടങ്ങാന്‍ വെള്ളിയാഴ്ചത്തേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കയാണെന്ന് വാങ്ഡുസ് പറഞ്ഞു.