അജ്മാന്‍- എമിറേറ്റ് നിവാസികള്‍ക്കായി നിശ്ചയിച്ചിരുന്ന സൗജന്യ കോവിഡ് പരിശോധന നീട്ടിവച്ചതായി അജ്മാന്‍ മെഡിക്കല്‍ സോണ്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് വിശദീകരണം. ഹാമിദിയ്യയിലെ അല്‍ അറഫ കണ്‍വന്‍ഷന്‍ ആന്റ് ഇവന്റ് സെന്റര്‍, അല്‍ ബയ്ത് അല്‍ മുതവഹിദ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതലാണ് പരിശോധന നടക്കേണ്ടിയിരുന്നത്.
ആള്‍ക്കൂട്ടങ്ങളില്ലാതെ സുഗമമായി പരിശോധന നടത്താനുള്ള തീവ്ര യത്‌നത്തിലാണ് തങ്ങളെന്ന് അജ്മാന്‍ മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് തരിം അല്‍ശംസി പറഞ്ഞു. അജ്മാന്‍ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്നാണ് കോവിഡ് പരിശോധന സംഘടിപ്പിക്കുന്നത്.
നേരത്തെ, അബൂദാബിയില്‍ ചെയ്തതു പോലുള്ള കൂട്ടപരിശോധനയാണ് അജ്മാനിലും ലക്ഷ്യമിടുന്നത്. മുസഫയില്‍ മാത്രം 570,000 കോവിഡ് ടെസ്റ്റുകളാണ് അധികൃതര്‍ നടത്തിയിരുന്നത്. ഷാര്‍ജയിലും സൗജന്യ പരിശോധന നടക്കുന്നുണ്ട്. ഷാര്‍ജ പൊലീസുമായി സഹകരിച്ച് മൊഹാപ് ആണ് പരിശോധന സംഘടിപ്പിക്കുന്നത്.