Sorry, you need to enable JavaScript to visit this website.

പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് കുറയുന്നില്ല

പാലക്കാട്- പട്ടാമ്പിയില്‍ കോവിഡ് ആശങ്കകള്‍ കുറയുന്നില്ല, മല്‍സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട 36 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മല്‍സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 132 ആയി. ഞായറാഴ്ച 67 പേര്‍ക്കും തിങ്കളാഴ്ച 29 പേര്‍ക്കും കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. മെഗാക്യാമ്പായി പ്രഖ്യാപിക്കപ്പെട്ട പട്ടാമ്പി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ തുടരുകയാണ്. 1418 പേരെ ഇതിനകം പരിശോധനക്ക് വിധേയമാക്കിക്കഴിഞ്ഞു. മല്‍സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു പുറമേ അവരുടെ നീണ്ടുപോകുന്ന സമ്പര്‍ക്കപ്പട്ടികയിലുള്ളവരും ഇതിലുള്‍പ്പെടുന്നു. പട്ടാമ്പി താലൂക്കിനു പുറമേ ഇവിടത്തെ മല്‍സ്യമാര്‍ക്കറ്റിനെ ആശ്രയിച്ച് മീന്‍കച്ചവടം നടക്കുന്ന ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലേക്കും രോഗത്തിന്റെ ക്ലസ്റ്റര്‍ വ്യാപിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ആന്റിജന്‍ പരിശോധനക്ക് വിധേയരായ 565 പേരില്‍ 36 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പട്ടാമ്പി സ്വദേശികള്‍ തന്നെയാണ്. കുലുക്കല്ലൂര്‍ സ്വദേശികളായ അഞ്ച് പേരും ഓങ്ങല്ലൂര്‍ സ്വദേശികളായ നാലു പേരും ഇതിലുള്‍പ്പെടുന്നു. ഷൊര്‍ണൂര്‍, വല്ലപ്പുഴ, മുതുതല, തിരുമിറ്റക്കോട്, പട്ടിത്തറ, വിളയൂര്‍ എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News