Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലെ അധികാരത്തർക്കം; വെള്ളിയാഴ്ച വിധി -ഹൈക്കോടതി

ന്യൂദൽഹി- സചിൻ പൈലറ്റിനെയും ഒപ്പമുള്ള എംഎൽഎമാരെയും അയോഗ്യരാക്കിയ രാജസ്ഥാൻ സ്പീക്കറുടെ നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിൽ വെള്ളിയാഴ്ച വിധി പറയും. അതുവരെ സചിൻ പൈലറ്റിനും കൂടെയുള്ള 18 എം.എൽ.എമാർക്കും എതിരെ നടപടി സ്വീകരിക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. പാർട്ടി വിരുദ്ധ നടപടികളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സചിനും കൂടെയുള്ളവർക്കുമെതിരെ സ്പീക്കർ നടപടി സ്വീകരിച്ചത്. അതേസമയം, തനിക്കൊപ്പമുള്ള എം.എൽ.എമാരുമായി ജയ്പൂരിലെ റിസോർട്ടിൽ വെച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് മൂന്നാമതും ചർച്ച നടത്തി.  കാരണം കാണിക്കണം എന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയ വിഷയത്തിൽ രാജസ്ഥാൻ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നാണ് സ്പീക്കർസി.പി ജോഷിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേഖ് മനു സിംഗ്‌വി വ്യക്തമാക്കിയത്. സചിൻ പൈലറ്റും എംഎൽഎമാരും നൽകിയ ഹർജി അപക്വമാണെന്നും തള്ളണമെന്നും സിംഗ്‌വി വാദിച്ചു. പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ സ്പീക്കറുടെ തീരുമാനത്തിൽ കോടതിക്ക് ഇടപെടാൻ കഴിയൂ. നിലവിൽ അത്തരം സാഹചര്യമില്ലെന്നും സ്പീക്കറും അസംബ്ലിയും കോടതിയുടെ അധികാര പരിധിയിൽ വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എംഎൽഎമാരുടെ മേൽ പാർട്ടിക്ക് സമ്മർദം ചെലുത്താനാകില്ലെന്നും ഇതിന് വിപ്പ് നൽകാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തി വ്യക്തമാക്കി.
    സ്പീക്കർ നൽകിയ നോട്ടീസിൽ സചിൻ പൈലറ്റും എംഎൽഎമാരും ഇതുവരെ മറുപടി നൽകിയിരുന്നില്ല. കോടതി തീരുമാനിക്കട്ടെ എന്നതായിരുന്ന അവരുടെ നിലപാട്. അതിനിടെ എംഎൽഎമാർ ഇന്നു മറുപടി നൽകിയാൽ തീരുമാനം ബുധനാഴ്ച വരെ നീട്ടാമെന്ന് സ്പീക്കറുടെ വാദം വിമത എംഎൽഎമാർക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേ തള്ളിയിരുന്നു. വിമത എംഎൽഎമാർ കോൺഗ്രസുകാർ തന്നെയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം സ്പീക്കറുടെ അഭിഭാഷകനും തള്ളി. സ്പീക്കർ അയോഗ്യരായി പ്രഖ്യാപിക്കുന്നത് വരെ അവർ കോൺഗ്രസുകാർ തന്നെ ആയിരിക്കും എന്നാണ് ഇതിന് മറുപടിയായി അഭിഭാഷകൻ മഹേഷ് ജോഷി വാദിച്ചത്. അതിനിടെ വിഷയത്തിൽ തീരുമാനം എടുക്കാൻ ജൂലൈ 22 വരെ സമയം അനുവദിക്കണം എന്നാണ് ഹരീഷ് സാൽവേ ആവശ്യപ്പെട്ടത്. വെളളിയാഴ്ച വരെ സമയം ലഭിച്ചതോടെ ഇതിൽ കൂടുതൽ രാഷ്ട്രീയനീക്കങ്ങൾ നടക്കും. അതിനിടെ, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന ആരോപണം രാഹുൽ ഗാന്ധിയും ഉയർത്തി.

 

Latest News