അബുദാബി- ഏതെങ്കിലും ഒരു അറബ് രാഷ്ട്രത്തിന്റെ ആദ്യത്തെ ചൊവ്വാ ദൗത്യമാണ് ഹോപ് പ്രോബ് എന്ന അല്‍ അമല്‍. അമല്‍ എന്നാല്‍ പ്രതീക്ഷയെന്നര്‍ഥം. 400 ദശലക്ഷം അറബികളുടെ പ്രതീക്ഷയുമായാണ് പര്യവേഷണ വാഹനം ഉപഗ്രവുമായി കുതിച്ചുയര്‍ന്നത്.
ഏഴു മാസം കൊണ്ട് 493.5 ദശലക്ഷം കിലോമീറ്ററാണ് പേടകം പിന്നിടേണ്ട ദൂരം. 687 ദിവസം ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. രാഷ്ട്ര രൂപീകരണത്തിന്റെ 50-ാം വര്‍ഷത്തിലാണ് യു.എ.ഇ ചൊവ്വയിലേക്കുള്ള ദൗത്യം സാക്ഷാത്കരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇതുവരെ നാസ, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇന്ത്യ എന്നിവര്‍ മാത്രമാണ് വിജയകരമായി ചൊവ്വാദൗത്യം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ആറിലേറെ ചൊവ്വാദൗത്യങ്ങള്‍ പരാജയപ്പെട്ട വേളയിലാണ് യു.എ.യുടെ ദൗത്യം സാക്ഷാത്കൃതമാകുന്നത്. രാഷ്ട്രസ്ഥാപകന്‍ ശൈഖ് സായിദിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പദ്ധതിയെന്ന് ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് പറഞ്ഞു. ഇന്ന് അറബ് ലോകം ചരിത്രനിമിഷത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.