ന്യൂദല്‍ഹി- കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്നും ഹാദിയ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മതംമാറി സിറിയയിലേക്ക് പോയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദു സുപ്രീം കോടതിയില്‍.
നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാണ് രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോയതെന്ന് ഹരജിയില്‍ പറയുന്നു. കേരള പോലീസിന്റെ അന്വേഷണം പരാജയമാണെന്നും ആസൂത്രിത മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനും നിരോധിത സംഘടനയായ സിമിയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമം നടന്നിട്ടുണ്ടെന്ന് പരാതിപ്പെട്ട ലാത്തൂര്‍ സ്വദേശി സുമിത്ര ആര്യയും ഹാദിയ കേസില്‍ കക്ഷി ചേരാന്‍ ഹരജി നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കു പുറമെ, കേരള ഹൈക്കോടതിയിലെ അഭിഭാഷകരും കേസില്‍ കക്ഷി ചേരണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തിലെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍.ഐ.എ അന്വേഷണം തുടരണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.