നാഗ്പൂര്‍- ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ നവംബര്‍ 17-ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചേര്‍ന്ന ബി.എം.എസ് കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി.
ഇടതു പക്ഷ തൊഴിലാളി യൂണിയനുകള്‍ അടക്കം എല്ലാ തൊഴിലാളി സംഘടനകളേയും ഈ മാര്‍ച്ചില്‍ പങ്കെടുപ്പിക്കുമെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി വൃജേഷ് ഉപാധ്യായ പറഞ്ഞു. നേരത്ത ദസറ ആഘോഷ പരിപാടിക്കിടെ മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വിമര്‍ശിച്ചിരുന്നു. സംഘ പരിവാറിന്റെ സുപ്രധാന വോട്ടുബാങ്കായ ചെറുകിട കച്ചവടക്കാര്‍ ചെറുകിട വ്യവസായികള്‍ ചെറുകിട കര്‍ഷകര്‍ എന്നിവരെ ബാധിക്കുന്ന കേന്ദ്ര നയങ്ങളില്‍ ആശങ്കയുണ്ടെന്ന് ഭാഗവത് വ്യക്തമാക്കിയിരുന്നു.
മോദി സര്‍ക്കാരും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും മുന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുക മാത്രമാണ് ഇവര്‍ ചെയ്യുന്നതെന്നും ഉപാധ്യയ പറഞ്ഞു. തൊഴിലാളികളുടെ താല്‍പര്യത്തിനു വിരുദ്ധമായ തൊഴില്‍ നിയമ ഭേദഗതി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കിയാല്‍ അത് താഴെതട്ടില്‍ പ്രതിഫലിക്കുമെന്നും വ്യാവസായിക രംഗത്തെ സ്ഥിരത തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.