Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലെ ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂദല്‍ഹി- ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് രണ്ട് ഓഡിയോ ക്ലിപ്പുകളാണ് പുറത്ത് വന്നിരുന്നത്.

രാഷ്ടീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. വ്യാജ പ്രചാരണം സി.ബി.ഐ അന്വേഷണിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിനു പിന്നാലെയാണ്
രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ പോലീസിലെ അഴിമതി വിരുദ്ധ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിപ്പ് മഹേഷ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോണ്‍ഗ്രസ് വിമത എം.എല്‍.എ ഭന്‍വര്‍ലാല്‍ ശര്‍മ, കേന്ദ്ര മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്, സഞ്ജയ് ജെയ്ന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ഷെഖാവത്തിനെയും ശര്‍മ്മയെയും അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.  ഓഡിയോ ക്ലിപ്പുകള്‍ വ്യാജമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഷെഖാവത്ത് പറയുന്നു.

 

Latest News