കോഴിക്കോട്- പാലത്തായി പീഡന കേസ് തുടക്കം മുതൽ തേച്ചുമായ്ച്ചു കളയാൻ സി.പി.എം ശ്രമിച്ചുവെന്ന് കെ. മുരളീധരൻ എം.പി. പ്രതിക്ക് വേണ്ടി കുറ്റപത്രം വളച്ചൊടിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ സി.പി.എം-ബി.ജെ.പി ബാന്ധവത്തിനായി പെൺകുട്ടിയെ ഇരയാക്കുകയാണെന്നും കെ. മുരളീധരൻ ആരോപിച്ചു. കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി കെ.കെ. ഷൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയിൽനിന്ന് ഒഴിയണം. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന ആഭ്യന്തര വകുപ്പിനാണ്. നിയമ സഭയിൽ യു.ഡി.എഫ് എം.എൽ.എമാർ ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുമെന്നും കെ. മുരളീധരൻ പറഞ്ഞു.
കേസിൽ ഏപ്രിൽ മാസം തന്നെ ഉന്നതരുടെ പങ്ക് ഉണ്ടായിരുന്നു. സ്ഥലം എം.എൽ.എ മന്ത്രി ഷൈലജ ടീച്ചർ നടത്തിയത് നിരുത്തരവാദപരമായ പെരുമാറ്റമാണ്. എളുപ്പം ജാമ്യം കിട്ടാവുന്ന രീതിയിൽ കേസിനെ വളച്ചൊടിച്ചു. മന്ത്രി കെ.കെ. ഷൈലജക്കു ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാകില്ല. സ്വർണക്കള്ളക്കടത്തു കേസ് സി.ബി.ഐ അന്വേഷിച്ചില്ലെങ്കിൽ ശിവശങ്കറിൽ മാത്രമായി ഒതുങ്ങുമെന്നും മുരളീധരൻ കൂട്ടി ചേർത്തു.