ലഖ്‌നൗ-ബുലന്ദ്ഷഹര്‍ കലാപക്കേസിലെ പ്രധാന പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചരണ ചുമതല. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശിഖര്‍ അഗര്‍വാളിനെയാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കി അനുമോദിച്ചത്. ബുലന്ദ്ഷഹര്‍ ജില്ലാ മഹാമന്ത്രിയായി ശിഖര്‍ അഗര്‍വാളിന് സാക്ഷിപത്രവും നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് അനില്‍ സിസോദിയ അഗര്‍വാളിന് പ്രചരണ ചുമതലയുടെ സാക്ഷ്യപത്രം കൈമാറി. ജയ്ശ്രീറാം,ഭാരത് മാതാ കി ജയ്,വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങളുമായാണ് ഇയാള്‍ അടക്കമുള്ള കലാപക്കേസിലെ പ്രതികളെ ജാമ്യത്തിലിറങ്ങുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റത്.
ബുലന്ദ്ഷഹറിലെ മഹൗ ഗ്രാമത്തില്‍ ഇരുപത്തിയഞ്ച് പശുക്കളുടെ മാംസാവശിഷ്ടങ്ങള്‍ കണ്ടെടുത്തുവെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടാക്കിയത്.കരിമ്പ് പാടത്ത് കെട്ടിത്തൂക്കിയ നിലയില്‍ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം നിയന്ത്രിക്കാനെത്തിയ എസ്‌ഐ സുബോധ് കുമാറിനെയും പോലിസ് സംഘത്തെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.