ന്യൂദല്‍ഹി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.കേസില്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് അന്വേഷണം ഉന്നതരിലേക്ക് നീളുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.ഇന്നലെയാണ് യോഗം ചേര്‍ന്നത്.
എന്‍ഐഎയുടെ ഹൈദരാബാദ് ആസ്ഥാനമായ ദക്ഷിണ മേഖലയ്ക്ക് കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. നേരത്തെ ധനവകുപ്പ് മന്ത്രിയും വിദേശകാര്യ സഹമന്ത്രിയും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.. ഏത് വിമാനത്താവളം വഴി കടന്നാലും ഇയാള്‍ പിടിയിലാകും. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്റര്‍പോള്‍ നടപടി.
യു.എ.ഇയിലുള്ള ഫൈസലിന്റെ തൃശൂരിലെ വീട്ടില്‍ കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ബാങ്കുകളില്‍ ഫൈസലിന് ലോക്കറുകള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.