Sorry, you need to enable JavaScript to visit this website.

വിദ്യാർഥികളെ വല വീശിപ്പിടിക്കാൻ സ്വാശ്രയ ലോബി


കോട്ടയം- കോവിഡിന്റെ അതിവ്യാപനത്തിനിടയിലും എൻജിനീയറിംഗ് -ഫാർമസി കോളേജ് പരീക്ഷാ പ്രവേശന  പരീക്ഷ കടമ്പ കഴിഞ്ഞതോടെ  സ്വാശ്രയ വിദ്യാഭ്യാസ ലോബി വിദ്യാർഥികളെ വല വീശിത്തുടങ്ങി. കോവിഡിന്റെ പരസ്യ വരൾച്ചയ്ക്കിടെ മന്ദീഭവിച്ച പത്രമാധ്യമങ്ങളിൽ ആകർഷണീയമായ പരസ്യം നൽകിയും എഴുതിയ കുട്ടികളെ തേടിപ്പിടിച്ച് അഡ്മിഷൻ ഓഫർ ചെയ്തുമാണ് രംഗത്ത് ഇറങ്ങിയത്. ഇതോടെ കോവിഡിനിടയിലും വിദ്യാർഥികളെ തെരുവിലിറക്കിയുളള  പരീക്ഷയ്ക്കു പിന്നിൽ സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ ലോബിയുടെ സമ്മർദവും ഉണ്ടെന്ന് ആക്ഷേപം ശക്തിപ്പെട്ടു. എൻജിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിെവയ്ക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും ശശി തരൂർ എം.പിയും അടക്കം ആവശ്യം ഉയർത്തിയെങ്കിലും പരീക്ഷയിൽ നിന്നും പിന്മാറിയില്ല. തീവ്രവ്യാപന മേഖലയായ തിരുവനന്തപുരം ഉൾപ്പെടെ പല പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹ്യ അകലം ഉൾെപ്പടെയുളള വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. സിബിഎസ്ഇ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കുകയും മറ്റെല്ലാ സംസ്ഥാനങ്ങളും കൂടുതൽ കരുതലോടെ മുന്നോട്ടു പോകുകയും ചെയ്യുമ്പോഴാണ് കേരളം അക്ഷരാർഥത്തിൽ നടുങ്ങിയ പ്രവേശന പരീക്ഷ അരങ്ങേറിയത്.


കേരളത്തിലെ എൻജിനീയറിംഗ് പ്രവേശനത്തിന്റെ 93.44 ശതമാനത്തിന്റെയും ഗുണഭോക്താക്കൾ സ്വാശ്രയ കോളേജുകളാണ്. പ്രതിവർഷം 62,000-65,000 വിദ്യാർഥികളാണ് എൻജിനീയറിംഗ് പഠനത്തിന് എത്തുന്നത്. ഇതിൽ തന്നെ ഐ.ടി മേഖലയുൾപ്പെടെ വൻ മത്സരം നിലനിൽക്കുന്ന എൻജിനീയറിംഗ് വിഭാഗത്തിൽ 2000 ത്തോളം പേർക്ക് മാത്രമാണ് സുരക്ഷിതമായ തൊഴിൽ ലഭിക്കുന്നത്.


സംസ്ഥാനത്ത് ആകെയുളള 183 എൻജിനീയറിംഗ് കോളേജുകളിൽ 171 ഉം സ്വകാര്യ മേഖലയിലാണ്. സർക്കാർ തലത്തിൽ മൂന്നു കോേളജുകളാണുളളത്. അൺഎയ്ഡഡ് മേഖലയിൽ 9 ഉം. ഏറ്റവും കൂടുതൽ അൺ എയ്ഡഡ് എൻജിനീയറിംഗ് കോളേജുകൾ ഉള്ളത് എറണാകുളം ജില്ലയിലാണ് 31. അതു കഴിഞ്ഞാൽ തിരുവനന്തപുരം 26. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ സർക്കാർ എൻജിനീയറിംഗ് കോളേജുകൾ ഇല്ല. പോയ വർഷം 25,000 ത്തിലധികം സീറ്റുകളിൽ കുട്ടികളെ കിട്ടാതെയായി. ഇതോടെ പുതിയ കോഴ്‌സുകൾക്ക് അനുമതി തേടി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനെ സമീപിക്കുകയാണ് എൻജിനീയറിംഗ് കോളേജുകൾ ചെയ്യുന്നത്.


സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലാണ് ഏറ്റവുമധികം സീറ്റുകളുള്ളത് 12,063.
കേരളത്തിലെ എൻജനീയറിംഗ് കോളേജുകൾ തൊഴിൽ രഹിതരെ സൃഷ്ടിക്കുന്ന ഫാക്ടറികളാണെന്ന വിമർശനത്തിനിടെയാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം നടക്കുന്നത്. ബി.ടെക് കഴിയുന്ന 95 ശതമാനത്തിനും ജോലി ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പ്രവേശന പരീക്ഷ തന്നെ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നതാണ്. പ്രവേശന പരീക്ഷയാണ് കേരളത്തിലെ എൻജിനീയറിംഗ് കോളേജ് പ്രവേശത്തിനുളള യോഗ്യതാ മാനദണ്ഡം.

 

Latest News