ന്യൂദൽഹി- ഉത്തർപ്രദേശിൽ നേപ്പാളി പൗരന്റെ തലമൊട്ടയടിച്ച് ജയ് ശ്രീരാം എഴുതിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇന്ത്യയിലെ നേപ്പാൾ പ്രതിനിധി നിലമ്പർ ആചാര്യ ഉത്തർപ്രദേശ് സർക്കാരിനോട് പ്രതിഷേധം അറിയിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആദിത്യനാഥ് ഉറപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നേപ്പാൾ പൗരന്മാർ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താനും നേപ്പാൾ പ്രതിനിധി അഭ്യർത്ഥിച്ചു. വിശ്വഹിന്ദുസേനയുടെ കൺവീനർ അരുൺ പഥക്കിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വാരണാസിയിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
നേപ്പാളി യുവാവിനെ അർധനഗ്‌നനാക്കുകയും നേപ്പാൾ പ്രധാനമന്ത്രി ഒലിക്കും നേപ്പാളിനുമെതിരെ മുദ്രാവാക്യം വിളിക്കാനും നേപ്പാളികൾക്ക് ഉപജീവന അവസരങ്ങൾ നൽകിയതിന് ഇന്ത്യയെ പ്രശംസിക്കാനും ആളുകൾ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. നേപ്പാളി ഭാഷയിൽ സംസാരിക്കുന്ന ഇയാളെ 'ജയ് ശ്രീ റാം', 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാനും ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ അക്രമോത്സുകമായി ആവശ്യപ്പെടുന്നുണ്ട്.