ന്യൂദല്‍ഹി- ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും എന്നാല്‍ എന്‍.ഐ.എ അന്വേഷിക്കാനുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നുവെന്നും കോടതി ഉത്തരവുള്ളതിനാലാണ് എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ക്കാതിരുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.
കേസിലെ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറിയ സാഹചര്യത്തില്‍ എന്‍ഐഎ നടപടികള്‍ നീതിപൂര്‍വകമാകില്ലെന്നാണ് ഷെഫിന്റെ ഹരജിയിലെ വാദം.
ഹാദിയ വീട്ടുതടങ്കലിലാണെന്നും നേരിട്ട് വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരായണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.