ബംഗളുരു- ബംഗളുരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 97% കോവിഡ് രോഗികളും മരിച്ചു. യുകെയിലും യുഎസിലും ഇറ്റലിയിലും സംഭവിച്ച കോവിഡ് മരണങ്ങളുടെ നിരക്കിനേക്കാള്‍ കൂടുതലാണിത്. നൂറ് വര്‍ഷം പഴക്കമുള്ള വിക്ടോറിയ ഹോസ്പിറ്റലില്‍ ആണ് രോഗികള് മരിച്ചത്.
ഏപ്രില്‍ മുതല്‍ 91 കോവിഡ് രോഗികളാണ് ഈ ആശുപത്രിയില്‍ മരിച്ചത്. ഇതില്‍ 89 പേരും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ബംഗളുരുവില്‍ ഏറ്റവും കൂടുതല്‍ വെന്റിലേറ്ററില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രിയാണിത്.
മരണനിരക്ക് ഇത്രയും അധികം കൂടിയതില്‍ അധികൃതര്‍ ആശങ്കയിലാണ്. തീവ്രപരിചരണ വിഭാഗമായ വെന്റിലേറ്ററിന് തകരാറുണ്ടെന്ന സംശയത്തിലേക്കാണ് മരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഇറ്റലിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 65% രോഗികളായിരുന്നു മരിച്ചിരുന്നത്. ഇത് അതിനേക്കാള്‍ കൂടുതലാണെന്ന് ബംഗളുരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലെ സീനിയര്‍ പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.രണ്ട് ആഴ്ച്ചക്കിടെ വിക്ടോറിയ ഹോസ്പിറ്റലില്‍ മുപ്പത് കോവിഡ് രോഗികള്‍ മരിച്ചിരുന്നു. ജൂലൈ 15 വരെ 206 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും 92 പേര്‍ മരിക്കുകയും ചെയ്തു.