വാഷിംഗ്ടണ്‍- ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ താവളമൊരുക്കുന്നുവെന്ന് ആരോപണമുന്നയിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക്കിസ്ഥാനെ നിലയ്ക്കു നിര്‍ത്താന്‍ പുതിയ നീക്കത്തിനൊരുങ്ങുന്നു. തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശം നല്‍കുന്നതിനായി മുതിര്‍ന്ന രണ്ട് ഉദ്യോസ്ഥരെ പാക്കിലേക്കയക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ശേഷം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാക്കിസ്ഥാനിലെത്തും.
യു.എസിനെതിരെ പൊരുതുന്ന താലിബാന്‍ ഭീകരസംഘങ്ങള്‍ക്ക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഏറെ കാലമായി യു.എസിന് കടുത്ത അമര്‍ഷമുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ശക്തമായ താക്കീതുമായാണ് തന്റെ വിദേശകാര്യ, സൈനിക കാര്യ ഉപദേഷ്ടാക്കള്‍ കൂടിയായി ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് പാക്കിസ്ഥാനിലേക്കയക്കാന്‍ ട്രംപ് ഒരുങ്ങുന്നത്.
പാക്കിസ്ഥാന്‍ താവളമൊരുക്കുന്ന ഭീകരര്‍ ഇന്ത്യയ്ക്കും യുഎസിനും അഫ്ഗാനില്‍ വലിയ ഭീഷണിയാണെന്ന് യുഎസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസിന്റെ ഈ ആശങ്ക നേരിട്ട് പാക്കിസ്ഥാന്‍ അധികൃതരെ ബോധ്യപ്പെടുത്തുകയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. പാക്ക് പ്രധാനമന്ത്രി, സൈനിക മേധാവി ഉള്‍പ്പെടയുള്ളവരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.
ഭീകരരെ സഹായിക്കുന്ന നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഈയിടെ യുഎസ് പാക്കിസ്ഥാനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ശൈലി മാറ്റിയില്ലെങ്കില്‍ വേണ്ടത് ചെയ്യുമെന്നാണ് ജിം മാറ്റിസ് നേരത്തെ പറഞ്ഞത്. നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തിയും നാറ്റോ ഇതര സഖ്യകക്ഷി എന്ന പദവി എടുത്തു കളഞ്ഞും പാക്കിസ്ഥാനെ വരുതിയിലാക്കുമെന്നും യുഎസ് കരുതുന്നു. 2011-ല്‍ അല്‍ ഖഇദ നേതാവ് ഉസാമ ബിന്‍ലാദനെ പാക്കിസ്ഥാനില്‍ കയറി കൊലപ്പെടുത്തിതിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.