ന്യൂദൽഹി- രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാനുള്ള നീക്കം നടത്തിയതിന്റെ പേരിൽ രണ്ടു വിമത എം.എൽ.എമാരെ സസ്‌പെന്റ് ചെയ്തതായി കോൺഗ്രസ് വക്താവ് രൺദിപ് സിംഗ് സുർജേവാല. ബൻവർ ലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതിൽ ബൻവർ ലാൽ ശർമയുടെ ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇരുവർക്കും പാർട്ടിയിലുള്ള പ്രാഥമിക അംഗത്വവും സസ്‌പെന്റ് ചെയ്തു. ബൻവർ ലാൽ ശർമയുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നത്. സർക്കാറിനെ മറിച്ചിടാൻ കേന്ദ്ര മന്ത്രി ശ്രമിച്ചുവെന്നും ഇദ്ദേഹത്തിന് എതിരെ കേസെടുക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു. ഇത് ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെന്നും സുർജേവാല വ്യക്തമാക്കി. സചിൻ പൈലറ്റിന്റെ ക്യാംപിലുള്ള എം.എൽ.എയാണ് ബൻവർ ലാൽ ശർമ. ഇത് കുതിരക്കച്ചവടമല്ലെങ്കിൽ മറ്റെന്താണെന്നും സുർജേവാല ചോദിച്ചു. കേന്ദ്രമന്ത്രി ശെഖാവത്തിന് എതിരെയും കേസെടുക്കണമെന്ന് സുർജേവാല ആവശ്യപ്പെട്ടു. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണം. കേന്ദ്രമന്ത്രിയുടെ പദവിക്ക് നിരക്കാത്ത തരത്തിലാണ് സർക്കാറിനെ മറിച്ചിടാൻ അദ്ദേഹം ശ്രമിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ട് സചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.