Sorry, you need to enable JavaScript to visit this website.

സ്ത്രീകളുടെ മുടി മുറിക്കുന്ന അജ്ഞാതനെന്ന് സംശയിച്ച് വൃദ്ധനെ എറിഞ്ഞുകൊന്നു

ശ്രീനഗര്‍-  സ്ത്രീകളുടെ മുടി മുറിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ വര്‍ധിച്ച ജമ്മു കശ്മീരില്‍ ഒരാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ദുരൂഹ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അനന്ത്‌നാഗ് ജില്ലയിലെ ദാന്തര്‍ സ്വദേശി അബ്ദുസ്സലാം വാനിയെ (70) ആണ്  കൊലപ്പെടുത്തിയത്.

ഇശാ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. മുടി മുറിക്കുന്നയാളാണെന്ന് കരുതി യുവാവ് ഇയാള്‍ക്കുനേരെ യുവാവ് കല്ലെറിയുകയായിരുന്നു.


ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വാനി മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അബദ്ധത്തില്‍ സംഭവിച്ചതിനാലാണ് പോലീസില്‍ പരാതിപ്പെടാത്തതെന്ന് പ്രദേശവാസി പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ, അജ്ഞാതര്‍ മുടി മുറിച്ചതായി സ്ത്രീകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് താഴ്‌വരയില്‍  ഭീതി നിലനില്‍ക്കുന്നുണ്ട്.

സ്ത്രീവേഷം ധരിച്ച മൂന്നാം ലിംഗക്കാരനെ കഴിഞ്ഞ ദിവസം ജനക്കൂട്ടം മര്‍ദിച്ചിരുന്നു. പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. നിഷാത്ത് പ്രദേശത്തും ജനക്കൂട്ടം കൈകാര്യം ചെയ്ത രണ്ടു പേരെ പോലീസാണ് രക്ഷപ്പെടുത്തിയത്. മുടി മുറി സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാരുടെ സംഘങ്ങള്‍ ജാഗ്രത പുലര്‍ത്തുകയാണ്.

Latest News