തിരുവനന്തപുരം- സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബംഗളൂരുവിലേക്ക് കടക്കാൻ സംസ്ഥാന പോലീസിന്റെ മൗനാനുവാദം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഫോൺ ടവർ ലോക്കേഷനിലേയും സി.സി.ടി.വി ദൃശ്യങ്ങളിലേയും പ്രതികളുടെ സഞ്ചാരപഥം വ്യക്തമാക്കുന്നത് ഇതാണ്. കസ്റ്റംസ് വിമാനത്താവളത്തിൽ സ്വർണം പിടിച്ച ദിവസം ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെയുണ്ടായിരുന്നു സ്വപ്ന എന്നതാണ് ഫോൺ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിനു മുന്നിലൂടെ സ്വപ്നയും സന്ദീപും സരിത്തും നിരവധി തവണയാണ് കടന്നുപോയത്. സ്വർണക്കടത്ത് വിവരത്തോടൊപ്പം സ്വപ്നയുടെ ചിത്രവും പുറത്തു വന്നതിന് ശേഷവും സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിരവധി തവണ യാത്ര ചെയ്തു. കൊറോണ നിയന്ത്രണമുള്ള തലസ്ഥാനത്ത് പോലീസ് പരിശോധനയെ മറികടന്നാണ് സ്വപനയുടെ സഞ്ചാരമെന്നതും ശ്രദ്ധേയമാണ്.
അഞ്ചാം തീയതി സ്വപ്ന അമ്പമുക്കിലുള്ള ഫ്‌ളാറ്റിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഫോൺ ലൊക്കേഷൻ നൽകുന്ന സൂചന. അതേ ദിവസം വിമാനത്താവളത്തിനടുത്തുള്ള കാർഗോ ടവർ ലോക്കേഷനിൽ സരിത്ത് എത്തിയത് മൂന്നു തവണ. ഇവിടെ നിന്നും ബാഗ് വിട്ടുലഭിക്കുന്നതിനായി പല ഉന്നതരേയും വിളിച്ചു. തലേ ദിവസവും സരിത്ത് ആറു തവണ സ്വപ്നയുടെ ഫ്‌ളാറ്റിൽ എത്തിയിരുന്നു.
സ്വർണം പിടികൂടിയ അഞ്ചാം തീയതി സരിത്ത് സ്വപ്നയുടെ ഫ്‌ളാറ്റിൽ എത്തി അരമണിക്കൂറോളം ചെവവഴിച്ചു. തുടർന്ന് ഇരുവരുമായി പുറത്തിറങ്ങി. സരിത്ത് കാർഗോ ടവറിലേക്കും സ്വപ്ന സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദർ ടവറിലെ ശിവശങ്കറിന്റെ വിവവാദ ഫ്‌ളാറ്റിലേക്കുമാണ് നീങ്ങിയത്. ഇവിടെയാണ് സ്വപ്നയ്ക്കും ഭർത്താവിനും വാടക അപ്പാർട്ട്മെന്റുള്ളത്. സ്വപ്ന മണിക്കൂറുകളോളും ഇവിടെ ചെലവഴിച്ചു. സ്വർണക്കടത്തിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും കൂടെ ഉണ്ടായിരുന്നു എന്നാണ് വിവരം.
സരിത്ത് പിടിയിലായെന്ന് മനസ്സിലാക്കിയ സ്വപ്ന തലസ്ഥാന നഗരിയിലൂടെ നിരവധി തവണ സഞ്ചരിച്ചു. സാധാരണക്കാരന് യഥേഷ്ടം യാത്ര ചെയ്യാൻ അനുവാദമില്ലാത്ത കൊറോണ നിയന്ത്രണങ്ങൾ ഉള്ള നഗരപ്രദേശത്തിലൂടെ സ്വപ്ന പോലീസിന്റെ ഒത്താശയോടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഗൂഢാലോചന നടന്ന ഫ്‌ളാറ്റിൽ നിന്ന് സ്വപ്ന അമ്പലമുക്കിലുള്ള സ്വന്തം ഫ്‌ളാറ്റിലേക്ക്. അവിടെ നിന്നും പേരൂർക്കടയിലും പാച്ചലൂരിലും പൂജപ്പുരയിലും യാത്ര ചെയ്തു. ഇവിടെ വെച്ചാണ് സ്വപ്ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പറുള്ള ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നത്.
സ്വർണ കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വർണക്കടത്ത് പിടിച്ച് അഞ്ചാം ദിവസമാണ്. സ്വപ്നയുടെ തന്നെ കെ.എൽ 01 സി.ജെ 1981 എന്ന നമ്പറുള്ള സ്വന്തം പേരിലുള്ള കാറിൽ കഴിഞ്ഞ ഒൻപതിന് പട്ടാപ്പകൽ വാളയാർ വഴിയാണ് ഇവർ കേരളം വിട്ടത്. ഒൻപതിന് ഉച്ചക്ക് 12.22 ന് തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ഇതേ വാഹനം വടക്കഞ്ചേരി കടന്ന് വാളയാർ ടോൾ പ്ലാസയിൽ എത്തി. കസ്റ്റംസും കേന്ദ്ര ഏജൻസിയും സ്വപ്നയ്ക്കായുള്ള തെരച്ചിൽ നടത്തുമ്പോൾ സംസ്ഥാന പോലീസ് സ്വപനയ്ക്കും സംഘത്തിനും കേരളം വിടാനുള്ള വഴി ഒരുക്കുകയായിരുന്നു. പട്ടാപ്പകൽ ഈ ദൂരമത്രയും പ്രതികൾ കുടുംബ സമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ല. ഒളിവിൽ പോകാൻ സംസ്ഥാന സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ള സഹായം ലഭിച്ചു എന്നതിന് തെളിവാണിത്.