റാസല്‍ ഖൈമ- യുഎഇയിലെ ഏറ്റവും ഉയരമേറിയ ജയ്സ് പര്‍വ്വതം സന്ദര്‍ശിക്കാനെത്തി അപകടത്തില്‍പ്പെട്ട പാക്കിസ്ഥാനി കുടുംബത്തെ റാസല്‍ ഖൈമ പോലീസ് രക്ഷപ്പെടുത്തി. മലമുകളിലേക്കുള്ള റോഡില്‍ നിന്ന് തെന്നിയാണ് മൂന്ന് പേരടങ്ങുന്ന കുടുംബ സഞ്ചിരിച്ച കാര്‍ മലയിടുക്കിലേക്ക് പതിച്ചത്. തൊട്ടടുത്ത വാഹനത്തിലെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരുടെ രക്ഷക്കെത്തിയത്.
ജബല്‍ ജയ്സിനു ഏറ്റവും മുകളിലേക്കുള്ള യാത്രയിലായിരുന്നു മാതാവും പിതാവും മകനും ഉള്‍പ്പെടുന്ന കുടുംബം. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് പോലീസിനു വിവരം ലഭിച്ചത്. രക്ഷാ സേന താമസിയാതെ പര്‍വതത്തിനു മുകളിലെ അപകടസ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ മലയിടുക്കിലേക്ക് വീണ് കാര്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യോമ രക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. റാസല്‍ ഖൈമ പോലീസ് രക്ഷാ വിഭാഗം കോപ്റ്ററിലെത്തിയാണ് അപകത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
കാലൊടിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ പോലീസ് ഉടന്‍ വ്യോമമാര്‍ഗം സഖര്‍ ഹോസ്പിറ്റലിലെത്തിച്ചു. പരിക്കേറ്റ പിതാവിനേയും മകനേയും റോഡുമാര്‍ഗമാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവര്‍ക്കും നിസ്സാര പരിക്കുകളേ ഉള്ളൂവെന്ന് പോലീസ് അറിയിച്ചു. പര്‍വതത്തിനു മുകളിലേക്കു കാറോടിച്ചു പോകുന്നവര്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും സ്വന്തം സുരക്ഷയ്ക്ക് ട്രാഫിക് നിയമങ്ങള്‍ പാലിക്കണെന്നും റാസല്‍ ഖൈമ പോലീസ് മേധാവി മേജര്‍ താരിഖ് അല്‍ ഷര്‍ഹാന്‍ അഭ്യര്‍ത്ഥിച്ചു.