ദമാം- കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെട്ട പ്രവാസികൾക്കായി ഐസിഎഫ് ഏർപ്പെടുത്തിയ എല്ലാ ചാർട്ടേഡ് വിമാനങ്ങളും നാട്ടിലെത്തി. ഇന്നലെ വൈകുന്നേരം 5.45 ദമാമിൽ നിന്നും പുറപ്പെട്ട ഫ്‌ളൈ നാസിന്റെ എക്‌സ് വൈ 883 വിമാനത്തിൽ അഞ്ച് സ്ത്രീകളും ആറ് കുട്ടികളും സന്ദർശക വിസയിലെത്തിയ എട്ട് പേർക്കും പുറമെ തൊഴിൽ നഷ്ടപ്പെട്ട 85പേരും വിദഗ്ധ ചികിൽസക്ക്്് പോവുന്ന 50 പേരുമുൾപ്പെടെ 154 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിക്ക് നെടുമ്പാശേരിയിൽ ഇറങ്ങുന്ന വിമാനം ഐസിഎഫിന്റെ സൗദിയിൽ നിന്നുള്ള ഒമ്പതാമത്തെ വിമാനമാണ്.
സൗദിയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും നാട്ടിലേക്കുള്ള മടക്കം പലർക്കും അനിവാര്യമാവുകയും ചെയ്ത സാഹചര്യത്തിൽ അതിനു കഴിയാതെ യാത്ര അനിശ്ചിതമായി നീണ്ടു പോവുകയും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഐ സി എഫ് വിമാനം ചാർട്ട് ചെയ്യാൻ മുന്നിട്ടിറങ്ങിയത്.
കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിസൽട്ട് നിർബന്ധമാക്കിയ സർക്കാർ തീരുമാനങ്ങൾ പ്രവാസികളെ വല്ലാതെ ദുരിതത്തിലാക്കിയിരുന്നു. സൗദിയുടെ സാഹചര്യങ്ങൾ മനസ്സിലാക്കാതെയള്ള നിബന്ധനകൾ മൂലം ഷെഡ്യൂൾ ചെയ്ത പല വിമാനങ്ങളും റദ്ദാക്കേണ്ടി വന്നിരുന്നു. ഫ്‌ളൈ നാസുമായി ചേർന്ന് ദമാം, റിയാദ് എന്നീ സെക്ടറുകളിൽ നിന്നും സൗദി എയർലൈൻസുമായി ചേർന്ന് ജിദ്ദ സെക്ടറുകളിൽ നിന്നുമായിരുന്നു ഐ സി എഫ് വിമാനങ്ങൾ ചാർട്ട് ചെയ്തത്. സർക്കാരുകൾ പുറത്തിറക്കിയ എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചാണ് എല്ലാ വിമാനങ്ങളും പുറപ്പെട്ടത്. യാത്രികർക്കുള്ള പി പി ഇ കിറ്റുകൾക്ക്്് പുറമെ ഭക്ഷണവും സൗജന്യമായി നൽകിയിരുന്നു. കോവിഡ് മുൻകരുതലുകൾ, യാത്രാക്രമീകരണങ്ങൾ, ക്വാറന്റൈനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി എല്ലാറ്റിനെ കുറിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ എല്ലാ യാത്രക്കാർക്കും വളണ്ടിയർമാർ നൽകി.
ഗർഭിണികളും കുട്ടികളുമുൾപ്പടെ സ്ത്രീകൾ, ജോലി നഷ്്ടപ്പെട്ടവർ, സന്ദർശക വിസയിലെത്തിയവർ, വിസ കാലാവധി കഴിഞ്ഞവർ, അടിയന്തര ചികിൽസ വേണ്ടവർ എന്നിവർക്കായിരുന്നു പ്രാമുഖ്യം നൽകിയത്. 10 ശതമാനം യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി. മറ്റുള്ളവർക്ക് 30 ശതമാനം മുതൽ 60 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകി. ഐ സി എഫ് നാഷണൽ കമ്മിറ്റിക്ക് കീഴിൽ രൂപീകരിച്ച റിപാട്രിയേഷൻ സമിതിയായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നിസാർ കാട്ടിൽ കൺവീനറായ സമിതിയിൽ സയ്യിദ് ഹബീബ് അൽ ബുഖാരി, ബഷീർ എറണാകുളം, ബഷീർ ഉള്ളണം, സലീം പാലച്ചിറ, സിറാജ് കുറ്റിയാടി, മുഹമ്മദലി വേങ്ങര, സലാം വടകര, മുജീബ് എ ആർ നഗർ അംഗങ്ങളാണ്.