കുവൈത്ത് സിറ്റി- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ച ജുമുഅ നമസ്കാരം നാളെ മുതൽ പുനരാരംഭിക്കും. നാലാഴ്ചക്കു ശേഷമാണ് ജുമുഅ നമസ്കാരം വീണ്ടും ആരംഭിക്കാൻ കുവൈത്ത് ഔഖാഫ് തീരുമാനമെടുത്തത്. മസ്ജിദുകൾ തുറക്കാൻ ഔഖാഫ് കർശന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ പാലിക്കാൻ കഴിയാത്ത ആരാധനാലയങ്ങൾ ഉടൻ തന്നെ അടച്ചുപൂട്ടും. രാജ്യത്തുടനീളം ആയിരത്തിലധികം പള്ളികളാണ് വീണ്ടും തുറക്കുന്നത്.
ബാങ്കിന് അരമണിക്കൂർ മുമ്പ് പള്ളികൾ തുറക്കുകയും 15 മിനിറ്റിനകം അടക്കുകയും ചെയ്യണം. 15 മിനിറ്റിനകം ഖുതുബ നിർവഹിക്കണം. പള്ളിയിലെത്തുന്ന വിശ്വാസികൾ നിർബന്ധമായും ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം. അകത്തേക്കു വരാനും പുറത്തേക്കു പോകാനും പ്രത്യേക വഴിയുണ്ടാകുകയും ഇവ അടയാളപ്പെടുത്തുകയും വേണം. സാമൂഹികാകലം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കലും നിർബന്ധമാണ്.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗികൾ തുടങ്ങിയവർ ഒരു കാരണവശാലും പള്ളിയിൽ വരരുതെന്ന് ഔഖാഫ് നിഷ്കർഷിച്ചിട്ടുണ്ട്. അംഗശുദ്ധി വരുത്തുന്ന കേന്ദ്രവും ടോയ്ലറ്റും തുറക്കില്ല. വിശ്വാസികൾ മുസല്ല കൊണ്ടുവരികയും വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി വരികയും വേണം. 15 വയസ്സിനു താഴെയുള്ള കുട്ടികൾ പള്ളിയിൽ വരാൻ അനുവദിക്കില്ലെന്നും ഔഖാഫ് വ്യക്തമാക്കി.