തൂത്തുക്കുടി- സാത്താന്‍കുളം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൊന്ന രണ്ട് പേര്‍ അറസ്റ്റില്‍. പത്തൊമ്പത് വയസ് പ്രായമുള്ള രണ്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. മേഘ്‌നാനപുരത്തിന് സമീപം കല്‍വിലൈ ഗ്രാമത്തിലെ ഇന്ദിര നഗറിലാണ് സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയ്ക്കായി അന്വേഷണം നടക്കുന്നതിനിടെ ജലസേചന കനാലില്‍ പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസികളായ രണ്ട് കൗമാരപ്രായക്കാരെ പിടികൂടുകയായിരുന്നു. മുത്തിശ്വരന്‍,നന്ദീശ്വരനുമാണ് പിടിയിലായത്. മുത്തീശ്വരന്റെ വീട്ടില്‍ പെണ്‍കുട്ടി ടിവി കാണാന്‍ പോകാറുണ്ട് . ഇതേതുടര്‍ന്നാണ് പോലിസ് മുത്തീശ്വരനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തായി.
പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ മുത്തീശ്വരന്‍ തന്റെ ബുദ്ധിവൈകല്യമുള്ള പിതാവിനെ മര്‍ദ്ദിക്കുന്നത് കണ്ടു. ഇതില്‍ ദേഷ്യം തോന്നിയ പെണ്‍കുട്ടി മുത്തീശ്വരനെ കല്ലുവാരി എറിയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ മുത്തീശ്വരന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നന്ദീശ്വരന്റെ സഹായത്തോടെ വീപ്പയിലാക്കി തള്ളുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.