ഗുവാഹത്തി- അസമില്‍ തുടരുന്ന പ്രളയത്തില്‍ ഏഴ് പേര്‍ കൂടി മരിച്ചു. 26 ജില്ലകളിലായി 36 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മോറിഗാവ് ജില്ലയില്‍ മൂന്ന് പേരും ബാര്‍പേട്ടയില്‍ രണ്ട് പേരും സോണിത്പൂര്‍, ഗോലഘട്ട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ബുള്ളറ്റിനില്‍ പറഞ്ഞു.
സംസ്ഥാനത്ത് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇതുവരെ 92 പേരാണ് മരിച്ചത്. ഇവരില്‍ 26 പേര്‍ക്ക് മണ്ണിടിച്ചിലിലാണ് ജീവന്‍ നഷ്ടമായത്.
ധേമാജി, ലഖിംപൂര്‍, ബിശ്വനാഥ്, സോണിത്പൂര്‍, ദാരംഗ്, ബക്‌സ, നല്‍ബാരി, ബാര്‍പേട്ട, ചിരംഗ്, ബൊംഗൈഗാവ്, കൊക്രാജര്‍, ദുബ്രി, സൗത്ത് സല്‍മര, ഗോല്‍പാറ, കമ്രൂപ്, കമ്രൂപ് മെട്രോപൊളിറ്റന്‍, മൊറാഗോട്ട, മജുലി, ശിവസാഗര്‍, ദിബ്രുഗഡ്, ടിന്‍സുകിയ, കാര്‍ബി ആംഗ്ലോംഗ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്.
5.51 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ച ദുബ്രിയാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ജില്ല. 5.30 ലക്ഷം ജനങ്ങളെ ബാധിച്ച ബാര്‍പേട്ടയും 4.28 ലക്ഷം പേര്‍ ദുരിതത്തിലായ ഗോള്‍പാറയുമാണ് തൊട്ടുപിന്നില്‍.