ന്യൂദല്‍ഹി- സി.എ.എ വിരുദ്ധ സമരത്തിനു പിന്നാലെ വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്.
ഏതാനും ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി ഹിന്ദു സമുദായത്തില്‍ നീരസവും അമര്‍ഷവും വളര്‍ത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്തുന്ന സംഘങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും പോലീസ് സ്‌പെഷല്‍ കമ്മീഷണര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എഴുതി.
ആവശ്യമായ ശ്രദ്ധയും മുന്‍കരുതലും വേണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള നിര്‍ദേശം. ചാന്ദ്ബാഗ്, ഖജൂരിഖാസ് എന്നിവിടങ്ങളിലെ ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്ത കാര്യമാണ് ഈ മാസം എട്ടിന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഒപ്പുവെച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇതിനു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് പ്രദേശത്തെ ഹിന്ദു നേതാക്കള്‍ ആരോപിക്കുന്നതായും ഉത്തരവില്‍ പറയുന്നു. സി.എ.എ വിരുദ്ധ സമരത്തിലും കലാപത്തിലും മുസ്്‌ലിം ജനക്കൂട്ടത്തെ സംഘടിപ്പിച്ച രണ്ട് മുസ്്‌ലിംകള്‍ക്കെതിരെ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെന്ന ഹിന്ദു നേതാക്കളുടെ പരാതിയും ഉത്തരവില്‍ ഉന്നയിച്ചിട്ടുണ്ട്.