സൂറത്ത്- ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന് മന്ത്രിയുടെ മകനെ തടഞ്ഞതിനെ തുടര്‍ന്ന് വിവാദത്തിലായ പോലീസുകാരിക്ക് സൂറത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
സംസ്ഥാന ആരോഗ്യ സഹമന്ത്രി കിഷോര്‍ കനാനിയുടെ മകന്‍ പ്രകാശിനെ തടഞ്ഞതിനെ തുടര്‍ന്നാണ് ലോക് രക്ഷക് ദള്‍ (എല്‍.ആര്‍.ഡി) ഉദ്യോഗസ്ഥ സുനിതാ യാദവ് വിവാദത്തിലായത്. ഇവര്‍ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.
താന്‍ വലിയ സമ്മര്‍ദത്തിലാണെന്ന് വെളിപ്പെടുത്തിയ സുനിത പോലീസ് സേന വിടുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഐ.പി.എസ് നേടി പോലീസില്‍ തിരികെ എത്തുമെന്നും കാക്കി യൂനിഫോമിനുവേണ്ടിയാണ് തന്റെ പോരാട്ടമമെന്നും അവര്‍ പറയുന്നു.
ഗുജറാത്തിനു പുറത്തുനിന്നാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്നും അതുകൊണ്ടാണ് സൂറത്ത് പോലീസ് കമ്മീഷണറോട് സംരക്ഷണം ആവശ്യപ്പെട്ടതെന്നും സുനിത പറഞ്ഞു.
സുനിതയും മന്ത്രിയുടെ മകന്‍ പ്രകാശും തമ്മീല്‍ ജൂലൈ എട്ടിനുണ്ടായ സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അസി. കമ്മീഷണര്‍ക്ക് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.