തവാങ്- അരുണാചല്‍ പ്രദേശില്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരില്‍ രണ്ട് വ്യേമസേന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് അതിര്‍ത്തി മേഖലയായ തവാങ്ങിനടുത്താണ് അപകടമുണ്ടായത്. വ്യോമസേനയുടെ മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്ററായ എംഐ-17 വി5 ആണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക പരിശോധനാ പറക്കലിനിടെ വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സൈനികരേയും ചരക്കുകളേയും കൊണ്ടു പോകാനുപയോഗിക്കുന്ന വ്യോമസേനയുടെ കോപ്റ്ററാണിത്. ഈ ആവശ്യത്തിന് ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും മികച്ച സൈനിക ഹെലികോപ്റ്റര്‍ എന്നാണ് എംഐ-17 വി5 കോപ്റ്ററിന്റെ വിശേഷണം. 2013-ല്‍ ഉത്തരാഖണ്ഡ് വെള്ളപ്പൊക്ക പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഇതെ ഗണത്തില്‍പ്പെട്ട മറ്റൊരു സൈനിക കോപ്റ്റര്‍ തകര്‍ന്ന് വീണ് 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയ 151 കോപ്റ്ററുകളില്‍ ഓന്നാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കരാര്‍ പ്രകാരമുള്ള അവസാന ഹെലികോപ്റ്റര്‍ ഇന്ത്യയ്ക്കു ലഭിച്ചത് കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ആയിരുന്നു. റഷ്യയിലെ കാസന്‍ ഹെലികോപ്റ്റര്‍ പ്ലാന്റില്‍ നിര്‍മ്മിച്ചതാണിത്.