ബംഗളൂരു- മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നവരുടെ വിശദാംശങ്ങൾ കർണാടക പോലീസ് പുറത്തുവിട്ടു. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകരാണ് ഗൗരിയെ വധിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ വലിയ പുരോഗതി നേടാനായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
ഇന്റർപോർ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച നാലു പേരടക്കമുള്ളവരാണ് ഗൗരിയെ വധിച്ചത് എന്നാണ് പോലീസിന്റെ സംശയം. കോൽഹാപ്പുർ സ്വദേശി പ്രവീൺ ലിംകർ (34), മംഗലാപുരം സ്വദേശി അണ്ണ എന്ന ജയപ്രകാശ് (45), പൂനെ സ്വദേശി സാരംഗ് അകോൽക്കർ (38), സംഗ്ലി സ്വദേശി രുദ്ര പാട്ടീൽ(37), സതാര സ്വദേി വിനയ് പവാർ(32) തുടങ്ങിയവരാണ് ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുനയിലുള്ളത്.
ഇതിൽ രുദ്ര പാട്ടീൽ, അകോൽക്കർ, വിനയ് പവാർ എന്നിവർ 2013 ഓഗസ്റ്റ് 30ന് നടന്ന നരേന്ദ്ര ധബോൽക്കർ വധവുമായി ബന്ധപ്പെട്ടവരാണെന്ന് സി.ബി.ഐ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. 81 വയസുള്ള ധബോൽക്കറിനെ പൂനെയിലെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്.
2015 ഫെബ്രുവരി 16ന് നടന്ന ഗോവിന്ദ് പൻസാരെ വധം, 2015 ഓഗസ്റ്റ് 30ന് എം.എം കൽബുർഗി വധം എന്നിവയുടെ അന്വേഷണവും ഇവരിലേക്ക് തന്നെയായിരുന്നു എത്തിയിരുന്നത്.കൽബുർഗി, പൻസാരെ, ധബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരെ വധിക്കാൻ ഉപയോഗിച്ചത് 7.65 എം.എം തോക്കാണെന്നും അന്വേഷണ സംഘം നേരെത്തെ സ്ഥിരീകരിച്ചിരുന്നു.
ലിംകർ, അണ്ണ, അകോൽക്കർ, പാട്ടീൽ എന്നിവർ 2009 ഒക്ടോബർ 19ന് മഡ്ഗാവിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നവരാണ്. മഡ്ഗാവിലെ ദീപാവലി ആഘോഷങ്ങൾക്കിടയിൽ സ്‌ഫോടനം നടത്താൻ കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് സനാതൻ സൻസ്തയുടെ രണ്ട് പ്രവർത്തകർ അന്നു കൊല്ലപ്പെട്ടിരുന്നു. തുടർന്ന് എൻ.ഐ.എ ഈ നാലു പേരെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഒളിവിലുള്ള അഞ്ച് സനാതൻ സൻസ്തയുടെ പ്രവർത്തകരാണ് ഈ നാലു കൊലപാതകങ്ങൾക്കു പിന്നിലുമെന്നാണ് ഇപ്പോൾ വിവിധ അന്വേഷണ സംഘങ്ങൾ സംശയിക്കുന്നത്. തങ്ങളുടെ ഏതാനും പ്രവർത്തകർ നിയമത്തെ പേടിച്ച് ഒളിച്ചു നടക്കുന്നുണ്ടാവാമെന്നും എന്നാൽ അത് തങ്ങളെ വ്യാജമായി കേസിൽ പെടുത്തുമെന്ന് പേടിച്ചിട്ടാണെന്നും സനാതൻ സൻസ്തയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു.