കൊച്ചി- ചില കേന്ദ്രങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പുലഭിച്ചതിനാലാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപ് നായരും ബംഗളൂരുവിലെത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കരുതുന്നു.
യു.എ.ഇ കോണ്‍സുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടതിനു പിന്നില്‍ സ്വാധീനം ചെലുത്തിയ ഏജന്‍സി എന്‍.ഐ.എ നിരീക്ഷണത്തിലാണ്. ഈ ഏജന്‍സിയുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനം ബംഗളൂരുവിലാണ്.
കേസ് എന്‍.ഐ.എ ഏറ്റെടുത്തതോടെയാണ് പദ്ധതികള്‍ തകിടം മറിഞ്ഞത്. ബംഗളൂരുവില്‍നിന്ന് രക്ഷപ്പെടും മുമ്പ് പിടിയിലാകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍ട്ടന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് എന്‍.ഐ.എ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.
തെലങ്കാനയും കേരളവുമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണ് എന്‍.ഐ.എ നിരീക്ഷണത്തിലുള്ളത്.