ജയ്പൂര്‍- രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധിയില്ലെന്നും 109 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. ദല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിപ്പ് ലംഘിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി അശോക് ഗെലോട്ടില്‍ വിശ്വാസം പ്രകടിപ്പിക്കുന്ന കത്തില്‍ 109 എം.എല്‍.എമാര്‍ ഒപ്പിട്ടുവെന്നും ഇന്ന് ഏതാനും എം.എല്‍.എമാര്‍ കൂടി ഒപ്പിടുമെന്നും പുലര്‍ച്ച രണ്ടരയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ജയ്പൂരിലെത്തിയ രണ്‍ദീപ് സുര്‍ജെവാല, അജയ് മാക്കന്‍, അവിനാഷ് പാണ്ഡെ തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഇന്ന് രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഗെലോട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ 30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന സച്ചിന്‍ പൈലറ്റ് വിസമ്മതിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.