ലണ്ടന്‍- കോവിഡ് കാലം അവസാനിച്ചാലും ഒരു കോടിയോളം കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങി വരാനിടയില്ലെന്ന മുന്നറിയിപ്പുമായി റിലീഫ് സംഘടനയായ സേവ് ദ ചൈല്‍ഡ്.
കോവിഡ് ആരംഭിച്ചതിനുശേഷം 106 കോടി വിദ്യാര്‍ഥികളാണ് മൊത്തത്തില്‍ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും പോകാതായതെന്ന് യുനെസ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ മൊത്തം വിദ്യാര്‍ഥി ജനസംഖ്യയുടെ 90 ശതമാനം വരുമിത്.
മനുഷ്യചരിത്രത്തില്‍ ആദ്യമായാണ് മൊത്തം വിദ്യാര്‍ഥി തലമുറയുടെ വിദ്യാഭ്യാസം ഇതുപോലെ തടസ്സപ്പെട്ടതെന്ന് യുനെസ്‌കോയുടെ സേവ് അവര്‍ എജുക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി 90 ലക്ഷം മുതല്‍ 1.17 കോടി വരെ കുട്ടികളെയാണ് ദാരിദ്ര്യത്തിലേക്ക് കൂടി തള്ളിവിട്ടിരിക്കുന്നത്.
കുടുംബത്തെ പിന്തുണക്കുന്നതിനായി ധാരാളം കുട്ടികളെ ജോലി ചെയ്യാനും പെണ്‍കുട്ടികളെ നേരത്തെ വിവാഹിതരാകാനും നിര്‍ബന്ധിതരാക്കി. ഇക്കാരണങ്ങള്‍കൂടി കണക്കിലെടുത്താണ് 97 ലക്ഷം കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങി വരാനിടയില്ലെന്ന് കണക്കാക്കുന്നത്.