മുംബൈ- 140ല്‍ ആരംഭിക്കുന്ന നമ്പരുകളില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി മുംബൈ പോലീസ്. ഇത്തരം കോളുകള്‍ ബാങ്ക് തട്ടിപ്പിന്റെ ഭാഗമാണ് എന്നാണ് മുംബൈ പോലീസ് പറയുന്നത്. 140ല്‍ ആരംഭിക്കുന്ന നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന മുംബൈ പോലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
നിങ്ങളിത്തരം കോളുകള്‍ എടുത്താല്‍ ബാങ്ക് അക്കൗണ്ട് കാലിയാകുമെന്ന് ചുരുക്കം. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നമ്പരുകളില്‍ നിന്നുമുള്ള കോളുകള്‍ സ്വീകരിക്കരുത് എന്ന് നിര്‍ദേശിച്ചുള്ള മെസേജുകള്‍ ഇതിനു മുന്‍പ് വാട്‌സ്ആപ്പില്‍ വന്നിരുന്നു എന്നാണ് പലരും പറയുന്നത്.
ചില സൈബര്‍കുറ്റവാളികള്‍ ഈ നമ്പരുകള്‍ ഉപയോഗിച്ച് ബാങ്ക് തട്ടിപ്പുകള്‍ നടത്തുകയാണ്. പരസ്യങ്ങള്‍ക്കായി ഈ നമ്പരുകളില്‍ നിന്നും കോളുകള്‍ വരാറുണ്ട് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. സോണി ലിവ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഉന്‍ദേഖി' എന്ന വെബ് സീരിസിന്റെ പരസ്യത്തിനായും ഈ നമ്പരുകളില്‍ നിന്നും കോളുകള്‍ വരാറുണ്ട്.