കയ്‌റോ - കടല്‍ തീരത്ത് വെള്ളത്തില്‍ മുങ്ങിത്താണ ബാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തു പേര്‍ മുങ്ങിമരിച്ചു. അലക്‌സാണ്ട്രിയക്ക് പടിഞ്ഞാറ് അല്‍നഖീല്‍ ബീച്ചില്‍ വെള്ളിയാഴ്ചയാണ് ദുരന്തം. കൊറോണ വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ തീരുമാന പ്രകാരം അടച്ചിട്ട ബീച്ചുകളില്‍ ഒന്നാണ് അല്‍അജമി ഡിസ്ട്രിക്ട് പരിധിയിലെ അല്‍നഖീല്‍ ബീച്ച്.
സുരക്ഷാ വകുപ്പുകളുടെ കണ്ണില്‍ പെടാതെ ഏതാനും പേര്‍ ബീച്ചിലെ വെള്ളത്തില്‍ ഇറങ്ങിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഇതിനിടെ ബാലന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് ബാലനെ രക്ഷിക്കാന്‍ ശ്രമിച്ച് ഏതാനും പേര്‍ വെള്ളത്തിലേക്ക് ചാടിയിറങ്ങി. ഇക്കൂട്ടത്തില്‍ പെട്ട 10 പേരാണ് മുങ്ങിമരിച്ചത്. ബാലനെ ഇവര്‍ക്ക് രക്ഷിക്കാനും സാധിച്ചില്ല. ആറു പേരുടെ മൃതദേങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ പുറത്തെടുത്തു. അവശേഷിക്കുന്നവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് അലക്‌സാണ്ട്രിയ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അലക്‌സാണ്ട്രിയയിലെ 61 ബീച്ചുകളും മാര്‍ച്ച് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ വകുപ്പുകള്‍ ആളുകളെ പതിവായി പിരിച്ചുവിടുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് അയല്‍ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ അല്‍നഖീല്‍ ബീച്ചില്‍ എത്തുന്നുണ്ട്.