ന്യൂദൽഹി- പി.എം കെയേഴ്‌സ് ഫണ്ട് പാർലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം തള്ളി ബി.ജെ.പി. വെള്ളിയാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലാണ് പി.എം. കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യമാണ് ബി.ജെ.പി നിരാകരിച്ചത്.
കോവിഡ് 19, പി.എം. കെയേഴ്‌സ് ഫണ്ട് തുടങ്ങിയ വിഷയങ്ങളിൽ ജനഹിതം അറിഞ്ഞ് പ്രവർത്തിക്കാനും വിഷയത്തിൽ സമവായത്തിലെത്താനും കോൺഗ്രസ് എം.പി. അധീർ രഞ്ജൻ ചൗധരി അംഗങ്ങളോട് അഭ്യർഥിച്ചു. എന്നാൽ, ബി.ജെ.പി. അംഗങ്ങൾ ഇതിനെ എതിർത്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി സി.എ.ജി ഓഡിറ്റ് ചെയ്യാത്ത സാഹചര്യത്തിൽ പി.എം. കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദർ യാദവ് ചൂണ്ടിക്കാട്ടി. മറ്റു ബി.ജെ.പി. എം.പിമാരും ഇതിനെ പിന്തുണച്ച് രംഗത്തെത്തി.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധികാരപരിധിയിൽ ഇക്കാര്യം വരില്ലെന്നും ബി.ജെ.പി വ്യക്തമാക്കി. സി.എ.ജി ഓഡിറ്റ് ചെയ്ത സർക്കാർ ധനവിനിയോഗം സംബന്ധിച്ച വിഷയങ്ങൾ മാത്രമാണ് കമ്മിറ്റി പരിശോധിക്കേണ്ടതെന്ന് ഭൂപേന്ദർ യാദവ് ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് സംബന്ധമായ ചർച്ചകൾക്ക് ബി.ജെ.പി. തയ്യാറാകാത്തത് പി.എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് സംസാരിക്കേണ്ടിവരും എന്ന ഭയം മൂലമാണെന്ന് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
ഇരുപത് അംഗങ്ങളുള്ള പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ 12 ബി.ജെ.പി. അംഗങ്ങളും ബാക്കി പ്രതിപക്ഷാംഗങ്ങളുമാണുള്ളത്. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും പങ്കെടുത്തു.
ബി.ജെ.പി., കോൺഗ്രസ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നെങ്കിലും കോവിഡ് സംബന്ധിച്ച സാഹചര്യം ചർച്ചചെയ്യാനും പി.എ.സി യോഗം തയ്യാറായില്ല. കോവിഡ് കാലത്ത് ഇതാദ്യമായാണ് പി.എ.സി യോഗം ചേരുന്നത്.
അതേസമയം, പി.എം കെയേഴ്‌സ് ഫണ്ട് പാർലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യത്തെ നിരാകരിച്ച ബി.ജെ.പിക്കെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. സർക്കാരും പ്രധാനമന്ത്രിയും എന്താണ് ഒളിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.
ആദ്യം സി.എ.ഡി ഓഡിറ്റ് തടഞ്ഞു. പിന്നെ വിവരാവകാശം തടഞ്ഞു. ഇപ്പോൾ ഇതും. രാജ്യത്തിന്റെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ പൗരൻമാർക്ക് അവകാശമുണ്ട്. ഇലക്ട്രൽ ബോണ്ട്, നോട്ടുനിരോധന അഴിമതി ഇപ്പോൾ ഇതും തടഞ്ഞുവെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.