ഇസ്തംബൂള്‍- തുര്‍ക്കി ഭരണാധികാരി മുസ്തഫാ കമാല്‍ അത്താതുര്‍ക്ക് മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ പള്ളി അയ സോഫിയ വീണ്ടും മസ്ജിദാക്കി തുര്‍ക്കി സര്‍ക്കാര്‍. 1934 ലെ മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് 16 വര്‍ഷമായി നടക്കുന്ന നിയമ യുദ്ധത്തിനൊടുവില്‍ തുര്‍ക്കി കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് ഉര്‍ദുഗാന്റെ പ്രഖ്യാപനം. അയ സോഫിയ മതകാര്യ ഡയറക്ടറേറ്റിന് കൈമാറാനും പ്രാര്‍ഥനക്കായി തുറക്കാനും തീരുമാനിച്ചതായി ഉത്തരവില്‍ പറയുന്നു.
തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്നതും യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതുമായ അയ സോഫിയക്ക് 1500 വര്‍ഷം പഴക്കമുണ്ട്. മസ്ജിദ് ആക്കുന്നതിനെതിരെ യുനെസ്‌കോ, അമേരിക്ക, റഷ്യ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ ബൈസാന്റിയന്‍ സാമ്രാജ്യം കത്തീഡ്രലായാണ് ഇത് ആദ്യം നിര്‍മിച്ചത്. ഒട്ടോമന്‍സ് 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ഇത് മുസ്‌ലിം ആരാധനാലയമായി മാറി.