ജയ്പുർ- പതിനഞ്ചു കോടി രൂപ വരെ വാഗ്്ദാനം ചെയ്ത് എം.എൽ.എമാരെ വശത്താക്കി തന്റെ സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യം മുഴുവനും കോവിഡിന് എതിരെ പൊരുതുന്നതിനിടയിലും ഏറ്റവും മോശം രാഷ്ട്രീയം കളിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഗെലോട്ട് ആരോപിച്ചു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി കോവിഡിന് എതിരായ പോരാട്ടത്തിൽ സർക്കാറിനെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, സ്ഥിരമായിയ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. എല്ലാ പരിധികളും ലംഘിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ഇക്കാര്യം രാജ്യം അറിയണമെന്നും ഗെലോട്ട് പറഞ്ഞു.