Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത്  ബിബിസിയിലും,  കേരളത്തിന്  പേരുദോഷം 

ലണ്ടന്‍-കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസയ്ക്ക് പാത്രമായ കേരളത്തിലെ സര്‍ക്കാര്‍ ദിവസങ്ങള്‍ക്കകം അത് കളഞ്ഞു കുളിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തിന് മാനങ്ങളേറെയാണ്. രണ്ടു രാജ്യങ്ങളിലെ നയതന്ത്ര ബന്ധങ്ങളെവരെ വരെ ബാധിക്കാവുന്ന മാഫിയയെക്കുറിച്ചു കേന്ദ്രം എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിലെ സ്വര്‍ണ കള്ളക്കടത്ത് ബിബിസിയും വാര്‍ത്തയാക്കിയിട്ടുണ്ട്. വിഷയം കേരളത്തില്‍ രാഷ്ട്രീയ പോരായി മാറിയതും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സ്ഥിതി എത്തിയതായും വാര്‍ത്ത പറയുന്നു . നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തി യുഎഇ എംബസിയെ കരുവാക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന രീതിയിലാണ് ബിബിസി വാര്‍ത്ത . യുഎഇ അന്വേഷണം പ്രഖ്യാപിച്ചതായും ഇന്ത്യയില്‍ നടക്കുന്ന അന്വേഷണമായും സഹകരിക്കുമെന്നും പറയുന്നു. കള്ളക്കടത്തിന്റെ റൂട്ട് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വരേണ്ടതുണ്ടെന്നും യുഎഇ എംബസിയെ ഉദ്ധരിച്ചു വാര്‍ത്ത പറയുന്നു. തിരുവന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനെ അഡ്രസ് ചെയ്തു കൊണ്ടുള്ള പെട്ടിയില്‍ 30 കിലോ സ്വര്‍ണം കടത്തിയതിന്റെ ഗൗരവവും ബിബിസി ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തിന്റെ വ്യാപ്തി എത്ര വിപുലമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വാര്‍ത്ത.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസിയും അന്വേഷണം നടത്തുന്നുണ്ട്. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു. 'ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വേരറിയാന്‍ ഇന്ത്യന്‍ അന്വേഷണവുമായി സഹകരിക്കും.' കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്‌തെന്നാണ് മനസിലാക്കുന്നതെന്നും നേരത്തെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞിരുന്നു.
'ഈ വിഷയത്തില്‍ എന്തൊക്കെയാണ് നടന്നതെങ്കിലും അത് പുറത്തുവരണം. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. സമഗ്ര അന്വേഷണം തന്നെ നടത്താന്‍ ആവശ്യപ്പെടുകയാണ്.'
കൂടുതല്‍ കാര്യങ്ങള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ യു.എ.ഇയെ കൂടി വിശ്വാസത്തിലെടുത്ത് ഇന്ത്യ മുന്നോട്ടുപോകുമെന്ന സൂചനയാണ് കേന്ദ്രം നല്‍കിയത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലാണ് സ്വര്‍ണം വന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം ശേഖരിക്കേണ്ടതുണ്ട് .
ദുബായില്‍ നിന്ന് തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങിലൂടെയും സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നത് രഹസ്യാന്വേഷണ എജന്‍സികള്‍ അന്വേഷിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം.
 

Latest News